തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധനയെ കുറിച്ച് നിയമസഭയില്‍ ഇന്ന് ഉച്ചയ്ക്ക് 2.30ന് ചര്‍ച്ച നടക്കും. വില വര്‍ദ്ധനയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്രതിപക്ഷ എം.എല്‍.എയായ ഡോ. തോമസ് ഐസക്കാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 16 തവണ ഇന്ധന വില വര്‍ദ്ധിപ്പിച്ചുവെന്ന് തോമസ് ഐസക് പറഞ്ഞു. കുത്തകകളെ സഹായിക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും ഐസക് കുറ്റപ്പെടുത്തി.
റിലയന്‍സും കേന്ദ്രസര്‍ക്കാരും ഒത്തുകളിച്ചാണ് വിലവര്ദ്ധനവുണ്ടാക്കുന്നതെന്ന് തോമസ് ഐസക്ക് ആരോപിച്ചു. എന്നാല്‍ വില വര്‍ദ്ധന ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് സര്‍ക്കാരിന്റെ നിലപാട്. വില വര്‍ദ്ധന നിയന്ത്രിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
അരി ഉള്‍പ്പെടെയുള്ള അത്യാവശ്യവസ്തുക്കള്‍ ന്യായവിലക്ക് ലഭ്യമാക്കാന്‍ നടപടിയെടുക്കും. വെള്ളിയാഴ്ചത്തെ സഭാനടപടികള്‍ പൂര്‍ത്തിയായ ശേഷം ഇക്കാര്യം ചര്‍ച്ചചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പെട്രോള്‍ വില കൂട്ടാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് തന്നെയായിരിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: