ന്യൂദല്‍ഹി: അണ്ണാ ഹസാരെ കഴിഞ്ഞ 19 ദിവസമായി നടത്തി വന്ന മൗനവ്രതം അവസാനിപ്പിച്ചു. സ്വന്തം ഗ്രാമമായ റാലേഗന്‍ സിദ്ധിയില്‍ നിന്ന് ഇന്നലെ രാത്രിയോടെ ദല്‍ഹിയിലെത്തിയ ഹസാരെ, ഇന്ന് രാവിലെ രാജ്ഘട്ട് സന്ദര്‍ശിച്ച് ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലത്ത് പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് മൗനവ്രതം അവസാനിപ്പിച്ചത്.
‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് അന്നാ ഹസാരെ മൗനവ്രതത്തിന് സമാപനം കുറിച്ചത്. അരവിന്ദ് കെജ്രിവാളും മനോജ് സുസോപിയയും അണ്ണാ ഹസാരെയ്ക്ക് ഒപ്പമുണ്ടായിരുന്നു. അഴിമതിക്കെതിരെയാണ് താന്‍ സമരം നടത്തുന്നതെന്നും ഏതെങ്കിലും ഒരു രാഷ്ട്രീയ പര്ട്ടിക്കെതിരായിരുന്നില്ല തന്റെ മൗനവ്രതമെന്നു ഹസാരെ പ്രതികരിച്ചു.
അഴിമതിവിരുദ്ധ പോരാട്ടം നടത്താന്‍ ഇപ്പോള്‍ തനിക്കു കൂടുതല്‍ കരുത്തു ലഭിച്ചു. ഈ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് ഹസാരെ വ്യക്തമാക്കി. ഇന്നു ലോക്പാല്‍ ബില്‍ പരിഗണിക്കുന്ന പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു മുമ്പാകെ ഹസാരെ ഹാജരാകും. ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വാദിക്കുന്നതിനാണ് ഹസാരെ മഹരാഷ്ട്രയില്‍ നിന്നു ദല്‍ഹിയിലെത്തിയത്.
മൗനവ്രതത്തിലായിരുന്നതിനാല്‍ അടുത്തിടെ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഒക്ടോബര്‍ 16നാണ് ഹസാരെ മൗനവ്രതം ആരംഭിച്ചത്. ശീതകാല സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ വീണ്ടും നിരാഹാര സമരം തുടങ്ങുമെന്നു വ്യക്തമാക്കി ഹസാരെ പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: