ന്യൂദല്‍ഹി: ജനങ്ങള്‍ക്കുമേല്‍ കനത്ത ജീവിതഭാരം അടിച്ചേല്‍പ്പിച്ച് കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ വീണ്ടും പെട്രോള്‍ വില വര്‍ധിപ്പിച്ചു. ലിറ്ററിന് 1.82 രൂപയാണ് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് വര്‍ധിപ്പിച്ചത്. ഇതോടെ കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിന് 71 രൂപയോളമാകും. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പുറമെ മറ്റ് കമ്പനികളും വില വര്‍ധിപ്പിക്കും.
വര്‍ധിപ്പിച്ച നിരക്ക് ഇന്നലെ അര്‍ധരാത്രിയോടെ നിലവില്‍ വന്നു. 2010 ഡിസംബറിനുശേഷം ഇത് അഞ്ചാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍വില വര്‍ധിപ്പിക്കുന്നത്.
സര്‍ക്കാരിന്റെ ജനവിരുദ്ധ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തി. നിരുത്തരവാദപരമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് സുഷമാസ്വരാജ് കുറ്റപ്പെടുത്തി. സാധാരണക്കാര്‍ക്ക് കനത്ത പ്രഹരമാണ് സര്‍ക്കാരിന്റെ ഈ വിലവര്‍ധനയെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ സപ്തംബറിലാണ് അവസാനമായി സര്‍ക്കാര്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചത്. 3.14 രൂപയുടെ വര്‍ധനവാണ് അന്ന് വരുത്തിയത്. ഇതിനെതിരെ വന്‍ ജനരോഷമുയര്ന്നെങ്കിലും എണ്ണക്കമ്പനികളെ വഴിവിട്ട് സഹായിക്കുന്ന നയത്തില്‍നിന്ന് പിന്നോട്ടുപോകാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് ഇപ്പോഴത്തെ വിലവര്‍ധനവിലൂടെ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
പെട്രോള്‍ വില ലിറ്ററിന് 1.82 രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ഇതിനെ ന്യായീകരിച്ചുകൊണ്ട് കേന്ദ്ര പെട്രോളിയംമന്ത്രി എസ്. ജയ്പാല് റെഡ്ഡി ബുധനാഴ്ച രംഗത്തുവന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പുതിയ വിലവര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്.
ഡീസല്‍, പാചകവാതകം എന്നിവയുടെ വിലവര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ ഉന്നതാധികാര സമിതി ഉടന്‍ യോഗം ചേരണമെന്നും ജയ്പാല് റെഡ്ഡി ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ നിലയിലേക്ക് ഡീസലിനും പാചകവാതകത്തിനും ഉടന്‍ വില വര്‍ധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രതിദിനം വന്‍തോതില്‍ നഷ്ടം നേരിടുന്നുവെന്ന് അവകാശപ്പെട്ടാണ് വിലവര്‍ധനക്ക് എണ്ണക്കമ്പനികള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്. ഇതിനെ ന്യായീകരിക്കുന്ന നിലപാടാണ് ജയ്പാല് റെഡ്ഡി കഴിഞ്ഞ ദിവസം സ്വീകരിച്ചത്. വിലവര്‍ധിപ്പിക്കാനുള്ള എണ്ണക്കമ്പനികളുടെ വിവേചനാധികാരത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, എച്ച്പിസിഎല്‍, ഭാരത് പെട്രോളിയം എന്നീ മൂന്ന് എണ്ണക്കമ്പനികളും കഴിഞ്ഞ സപ്തംബറില്‍ പെട്രോള്‍ വില ലിറ്ററിന് 3.14 രൂപ കൂട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് എല്ലാ വിലനിയന്ത്രണ നടപടികളില്‍നിന്നും പെട്രോളിനെ കേന്ദ്രം ഒഴിവാക്കിയത്. എന്നാല്‍ പിന്നീട് വരുത്തിയ വിലവര്ധനയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ ഉപദേശത്തോടെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: