മുംബൈ: വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തിന്റെ ഭാഗമായി മുംബൈയില്‍ ഇന്ന് ദലാല്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം നടക്കും. സി.പി.ഐയും സി.പി.എമ്മും പോഷക സംഘടനകളുമാണ് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരായ സമരം നയിക്കുന്നത്.
സാമൂഹിക, സാമ്പത്തിക അസമത്വം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയില്‍ തുടങ്ങിയ പ്രക്ഷോഭമാണ് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം. സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ തുടങ്ങിയ സമരത്തിന്റെ മാതൃകയില്‍ എണ്‍പതോളം രാജ്യങ്ങളില്‍ ചെറുതും വലുതുമായ പ്രക്ഷോഭം നടക്കുന്നുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് മുംബൈയില്‍ സ്റ്റോക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന ദലാല്‍ സ്ട്രീറ്റിലും പ്രതിഷേധ പ്രകടനം നടത്തുന്നത്.
ദലാല്‍ സ്ട്രീറ്റ് പ്രതിനിധാനം ചെയ്യുന്ന നയം വാള്സ്ട്രീറ്റിന്റേതിന് സമാനമാണെന്ന് സി.പി.ഐ കുറ്റപ്പെടുത്തുന്നു. സമരത്തിന് പിന്തുണ അറിയിച്ച് വിവിധ എന്‍.ജി.ഒകളും ബാങ്കിങ് മേഖലയിലെ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ തകര്‍ക്കാന്‍ കോര്‍പ്പറേറ്റുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം അറിയിക്കാനാണ് സമരത്തില്‍ പങ്ക് ചേരുന്നതെന്ന് ബാങ്കിങ് സംഘടനകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: