പള്ളുരുത്തി (കൊച്ചി): വല്ലാര്‍പാടത്തെ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിലെ ചരക്കുഗതാഗത പരിശോധനയുടെ പേരില്‍ സെസ്സും കസ്റ്റംസും തമ്മിലുള്ള തര്‍ക്കം രൂക്ഷതയിലേക്ക്. തര്‍ക്കം തീര്‍ക്കാന്‍ സെസ് ഡെവലപ്മെന്റ് കമ്മീഷണര്‍ നടത്തിയ നീക്കവും ഇരുകൂട്ടരുടെയും പിടിവാശിമൂലം അനിശ്ചിതത്വത്തിലായി. ടെര്‍മിനലിന്റെ പൂര്‍ണമായ അധികാരം തങ്ങള്‍ക്കാണെന്ന സെസ്സിന്റെ പിടിവാശിയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കസ്റ്റംസ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക സാമ്പത്തിക മേഖലയുടെ കീഴില്‍ വല്ലാര്‍പാടം ഉള്‍പ്പെടുന്നതിനാല്‍ മറ്റുള്ള ആര്‍ക്കും ഇവിടെ പരിശോധനാ അധികാരങ്ങള്‍ ഇല്ലെന്നുതന്നെയാണ് സെസ്സിന്റെ നിലപാട്.
സംസ്ഥാനത്തിന് പുറത്തേക്കും തിരിച്ചുപോകുന്നതുമായ കണ്ടെയ്നറുകള്‍ പരിശോധിക്കുന്നതിനുള്ള അധികാരം മാത്രമാണ് കസ്റ്റംസിനുള്ളതെന്ന് സെസ് അധികൃതര്‍ വ്യക്തമാക്കുന്നു. ഇത് കസ്റ്റംസ് ചെയ്യുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും സെസ്സ് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോഴും മുന്‍കൂട്ടി അനുവാദം വാങ്ങണമെന്നും സെസ്സ് ശഠിക്കുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ടെര്‍മിനലില്‍ പ്രവേശിക്കുന്നത് തടയുവാന്‍ സെസ്സിന് അധികാരമില്ലെന്ന് കസ്റ്റംസ് മറുവാദം ഉന്നയിക്കുന്നു. കപ്പല്‍ വഴിയുള്ള ചരക്ക് ഗതാഗതം കസ്റ്റംസിന്റെ കീഴിലാണ് വരിക. കസ്റ്റംസിന്റെ അനുവാദമില്ലാതെ കപ്പലുകള്‍ക്ക് ടെര്‍മിനലില്‍ കടന്നുവരാനാകില്ല. സെസ്സ് അധികൃതര്‍ കടുംപിടിത്തം തുടര്‍ന്നാല്‍ ഡിസംബര്‍ ഒന്നു മുതല്‍ കപ്പലുകള്‍ വല്ലാര്‍പാടത്ത് അടുക്കുവാന്‍ അനുവദിക്കില്ലെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചുകഴിഞ്ഞു. മറിച്ചുള്ള നീക്കം ഉണ്ടായാല്‍ കപ്പലിലെ ചരക്കുകള്‍ കള്ളക്കടത്തു സാധനങ്ങളായി കണ്ടുകെട്ടുമെന്നും കസ്റ്റംസ് വ്യക്തമാക്കിക്കഴിഞ്ഞു.
നിലവിലുള്ള തര്‍ക്കങ്ങളില്‍ ഇടപെടാതെ ബുദ്ധിപൂര്‍വം കാര്യങ്ങള്‍ നീക്കാന്‍ ഒരുങ്ങുകയാണ് ദുബായ് പോര്‍ട്ട് വേള്‍ഡും കൊച്ചിന് പോര്‍ട്ട് ട്രസ്റ്റും. വിദേശ പോര്‍ട്ടുകളുടെ സംവിധാനം കൊച്ചിയില്‍ അടിച്ചേല്‍പ്പിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ രഹസ്യനീക്കം നടത്തുന്നുവെന്നും ആരോപണമുയര്‍ന്നുകഴിഞ്ഞു. സര്‍ക്കാര്‍ ഈ തര്‍ക്കത്തില്‍ ഇടപെട്ടില്ലെങ്കില്‍ കനത്ത പ്രതിസന്ധിയാകും വല്ലാര്പാടത്തുണ്ടാകുക. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ വല്ലാര്‍പാടത്ത് ഇതിനകം നടന്നുകഴിഞ്ഞതും പുതിയ തര്‍ക്കങ്ങള്‍ ഉടലെടുത്തുകൊണ്ടിരിക്കുന്നതും ഇതിനുള്ള സൂചനകളായാണ് കണക്കാക്കുന്നത്.
കെ. റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: