പെരുമ്പാവൂര്‍: പരിസരമലിനീകരണത്തിന്റെ പേരുപറഞ്ഞ് പെരിയാര്‍വാലി കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന പാവങ്ങളെ ഒഴിപ്പിക്കുന്നതിന് അധികൃതര്‍ നടത്തുന്ന ശ്രമം നിരവധിപേരെ വഴിയാധാരമാക്കുന്നു. പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ട് പെരുമ്പാവൂര്‍ ബ്രാഞ്ചിന്റെ കീഴിലായി രായമംഗലം പഞ്ചായത്ത്, പെരുമ്പാവൂര്‍ നഗരസഭ പരിധിയില്‍ വരുന്ന കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്നവരെയാണ് പരിസരവും കനാല്‍ വെള്ളവും മലിനമാക്കി പകര്‍ച്ചവ്യാധികള്‍ പരത്തുന്നതിന് കാരണക്കാരാകുന്നു എന്നുപറഞ്ഞ് ഒഴിപ്പിക്കുന്നതിന് ശ്രമം നടന്നുവരുന്നത്. ഇവരോട് മൂന്നുദിവസത്തിനുള്ളില്‍ സ്ഥലം ഒഴിയണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയതായും ഇത് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമാണെന്നും ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു.
കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി കൊച്ചുകുട്ടികള്‍ അടങ്ങുന്ന കുടുംബമായി താമസിച്ചുവരുന്ന നിര്‍ധന കുടുംബങ്ങളോടാണ് മൂന്നുദിവസം കൊണ്ട് കുടിയൊഴിയണമെന്ന് പറയുന്നത്. സ്വന്തമായി ഒരുതുണ്ട് ഭൂമി പോലുമില്ലാത്ത തങ്ങള്‍ എവിടെപോകുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. നാട്ടില്‍ പ്ലൈവുഡ് കമ്പനികളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പെരുകിയതോടെ പകര്‍ച്ചവ്യാധികളും മലിനീകരണവും പെരുകിയതെന്നും അതിന് ആരോരുമില്ലാത്ത തങ്ങളെ ബലിയാടാക്കുന്നത് കമ്പനി മുതലാളിമാരെ സംരക്ഷിക്കുന്നതിനാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യംവെച്ച് തങ്ങളെ പുറമ്പോക്കില്‍ താമസിക്കുന്നതിന് അനുവാദം നല്കിയ ഇടതു-വലതു മുന്നണിക്കാര്‍ അധികൃതരുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന നടപടിക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നും ഇവര്‍ സങ്കടത്തോടെ പറയുന്നു.
പെരുമ്പാവൂര്‍ നഗരസഭയിലും രായമംഗലം ഗ്രാമപഞ്ചായത്തിലും ഭരണത്തിലിരിക്കുന്നവര്‍ തെരഞ്ഞെടുപ്പ് ആവശ്യം കഴിഞ്ഞപ്പോള്‍ കനാല്‍ പുറമ്പോക്കില്‍ കഴിയുന്നവരെ കയ്യൊഴിയുകയാണെന്നും പരിസര മലിനീകരണത്തില്‍ മുമ്പന്മാരായ കമ്പനി ഉടമകള്‍ക്കെതിരെ നടപടി എടുക്കാതെ പാവങ്ങളെ വഴിയാധാരമാക്കുകയാണെന്നും ഭാരതീയ യുവമോര്‍ച്ച മണ്ഡലം കമ്മറ്റി ആരോപിച്ചു. പെരുമ്പാവൂര്‍ പരിസരമലിനീകരണവും പകര്‍ച്ചവ്യാധികളും രൂക്ഷമായി പടര്‍ന്നുപിടിച്ചിട്ട് വളരെകുറച്ച് കാലങ്ങളേ ആയിട്ടുള്ളൂവെന്നും അത് അന്യ സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ ഇവിടെ താമസം തുടങ്ങിയതിനുശേഷമാണെന്നും യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു. മലിനീകരണം നടത്തുന്നുവെന്ന് അധികൃതര്‍ ആരോപിക്കുന്ന പുറമ്പോക്കില്‍ കഴിയുന്നവര്‍ വളരെ വൃത്തിയോടും പരിസരശുചിത്വത്തോടുമാണ് കഴിയുന്നതെന്നും ഇവരുടെ വീടുകളില്‍ ആര്‍ക്കും മാരകമായ ഒരു പകര്‍ച്ചവ്യാധിയും ഇല്ലെന്നും അധികൃതര്‍ രാഷ്ട്രീയ ലാഭത്തിനുവേണ്ടി പാവങ്ങളെ കുരുതികൊടുക്കുകയാണെന്നും ഈ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ പെരിയാര്‍വാലി ഡിവിഷന് ഓഫീസ്, പെരുമ്പാവൂര്‍ നഗരസഭ, രായമംഗലം പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലേക്ക് പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രകാശ് കെ. റാം, ജനറല്‍ സെക്രട്ടറി കെ.ജി. സുമേഷ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: