ബംഗളൂരു: അനധികൃതമായി ഭൂമി പതിച്ചുനല്‍കിയെന്ന കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. യെദ്യൂരപ്പക്കെതിരായ മൂന്നാമത്തെ പരാതിയിന്മേലാണ് കോടതി ജാമ്യം നല്‍കിയത്. നാലാമത്തെ പരാതിയിന്മേല് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ഈ പരാതിയിലും ജാമ്യം ലഭിച്ചാല്‍ മാത്രമേ അദ്ദേഹത്തിന് ജയില്‍മോചിതനാകാന്‍ കഴിയൂ.
മൂന്നാമത്തെ പരാതിയില്‍ ജാമ്യം അനുവദിച്ച ജസ്റ്റിസ് ബി.വി. പിന്റോ, ജാമ്യത്തുകയായി അഞ്ചുലക്ഷം രൂപ കെട്ടിവെക്കാന്‍ നിര്‍ദ്ദേശിച്ചു. തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. കഴിഞ്ഞ 20 ദിവസമായി യെദ്യൂരപ്പ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. കേസ് വിചാരണ ചെയ്യുന്ന ലോകായുക്ത കോടതിയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
യെദ്യൂരപ്പയുടെ ജാമ്യാപേക്ഷ ലോകായുക്ത കോടതി നിരസിച്ചിരുന്നു. സ്വകാര്യ വ്യക്തികള്‍ക്ക് ക്രമവിരുദ്ധമായി ഭൂമി പതിച്ചുനല്‍കിയെന്ന രണ്ട് പരാതിയുടെ അടിസ്ഥാനത്തില്‍ ലോകായുക്ത കോടതിയാണ് യെദ്യൂരപ്പക്കെതിരെ കേസെടുത്തത്. ഇതേത്തുടര്‍ന്ന് യെദ്യൂരപ്പ കോടതിയില്‍ സ്വയം കീഴടങ്ങുകയായിരുന്നു.
യെദ്യൂരപ്പയുടെ മക്കളായ ബി.വൈ. രാഘവേന്ദ്രയും ബി.വൈ. വിജേന്ദ്രയും മരുമകന് ആര്.എന്‍. സോഹന്കുമാറും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. ഇവര്‍ക്കെതിരെയും പരാതിയുണ്ട്.
ഇതിനിടെ, യെദ്യൂരപ്പയുടെയും മുന്‍മന്ത്രി കൃഷ്ണപ്പഷെട്ടിയുടെയും ജുഡീഷ്യല്‍ കസ്റ്റഡി ലോകായുക്ത കോടതി നവംബര്‍ 15 വരെ നീട്ടി. ഇന്നലെ കാലാവധി അവസാനിച്ച കസ്റ്റഡിയാണ് ജഡ്ജി എന്‍.കെ. സുധീന്ദ്രറാവു നീട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: