ന്യൂദല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ ഡി.എം.കെ നേതാവ് കനിമൊഴി ഉള്‍പ്പടെ കേസില്‍ പ്രതികളായ എട്ടുപേരുടെയും ജാമ്യാപേക്ഷ സി.ബി.ഐ കോടതി തള്ളി. നവംബര്‍ 11 ന് കേസിന്റെ വിചാരണ തുടങ്ങും. കനിമൊഴി ഉള്‍പ്പെടെ അഞ്ചുപേരുടെ ജാമ്യാപേക്ഷയെ അനുകൂലിക്കുന്നതായി സി.ബി.ഐ കഴിഞ്ഞ 24 ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടതി ഇത് പരിഗണിച്ചില്ല.
കോടതിയില്‍ എത്തിയ ഉടന്‍ തന്നെ പ്രതികളുടെ ജാമ്യാപേക്ഷ നിരസിക്കുന്നതായി ജഡ്ജി ഒ.പി സെയ്നി അറിയിക്കുകയായിരുന്നു. ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ പ്രതികളെല്ലാം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുകൊണ്ടുതന്നെ വിചാരണ നേരിടേണ്ടി വരും.
കനിമൊഴിക്ക് പുറമേ കലൈഞ്ജര്‍ ടി. വി. ചീഫ് എക്സിക്യൂട്ടീഫ് ഓഫീസര്‍ ശരത് കുമാര്‍, കുശെഗാവ് ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സ് കമ്പനി ഡയറക്ടര്മാരുയ ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, സിനിയുഗ് ഫിലിംസ് ഡയറക്ടര്‍ കരീം മൊറാനി, സ്വാന് ടെലികോം ഡയറക്ടര്‍ ഷാഹിദ് ബല്‍വ, മുന്‍ ടെലികോം മന്ത്രി എ. രാജയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്.കെ.ചന്ദോളിയ, ടെലികോം മന്ത്രാലയ മുന്‍ സെക്രട്ടറി സിദ്ദാര്‍ത്ഥ് ബെഹൂറ എന്നിവരുടെ ജാമ്യാപേക്ഷയാണ് സി.ബി.ഐ പ്രത്യേക കോടതി പരിഗണിച്ചത്.
ഇതില്‍ ഷാഹിദ് ബല്‍വ, ചന്ദോളിയ, ബെഹൂറ എന്നിവരുടെ ജാമ്യാപോക്ഷ എതിര്‍ക്കുന്നതായും മറ്റുള്ളവരുടെ അപേക്ഷയെ അനുകൂലിക്കുന്നു എന്നുമായിരുന്നു സി.ബി.ഐ അറിയിച്ചത്. 17 പ്രതികള്‍ക്ക് കോടതി കുറ്റം ചുമത്തിയ പശ്ചാത്തലത്തിലാണ് സി.ബി.ഐ ഈ നിലപാട് സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ കനിമൊഴിക്ക് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു അവരുടെ അഭിഭാഷകര്‍ക്ക് ഉണ്ടായിരുന്നത്.
പതിനേഴാം പ്രതിയായ കനിമൊഴി കഴിഞ്ഞ മെയ് 20 നായിരുന്നു ജയിലിലായത്. നേരത്തെ ജാമ്യം നിഷേധിച്ചപ്പോള്‍ വിചാരണക്കോടതി നടപടി ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ചിരുന്നു. കുറ്റപത്രം തയ്യാറാക്കിയ ശേഷം പുതിയ ജാമ്യാപേക്ഷയുമായി പ്രത്യേക കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: