ന്യൂദല്‍ഹി: പെട്രോളിന് പുറമെ പാചകവാതകത്തിനും ഡീസലിനും വില കുത്തനെ കൂട്ടാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ നീക്കം തുടങ്ങി. രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം അതീവ ദുഷ്ക്കരമാക്കുന്ന നീക്കത്തിന് കേന്ദ്രസര്‍ക്കാരും പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. എണ്ണക്കമ്പനികള്‍ കോടികളുടെ നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ വിലവര്‍ധന അനിവാര്യമായിരിക്കയാണെന്ന് കേന്ദ്ര പെട്രോളിയംമന്ത്രി ജയ്പാല് റെഡ്ഡി ന്യായീകരിച്ചു. പെട്രോള്‍ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പെട്രോള്‍ വില ലിറ്ററിന് 1.82 രൂപ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ കനത്ത സമ്മര്‍ദ്ദം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ജയ്പാല് റെഡ്ഡി ഇന്നലെ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്നാണ് എണ്ണക്കമ്പനികളെ ന്യായീകരിച്ചുകൊണ്ട് ജയ്പാല് റെഡ്ഡി രംഗത്തുവന്നത്. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനമെടുക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ ഉന്നതാധികാരസമിതി ഉടന്‍ യോഗം ചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എണ്ണക്കമ്പനികള്‍ പ്രതിദിനം 333 കോടി രൂപയുടെ നഷ്ടം നേരിടുന്നുണ്ടെന്നാണ് വിലവര്‍ധനയെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.
ഒരു ലിറ്റര്‍ ഡീസല്‍ വില്ക്കുമ്പോള് 9.27 രൂപയും 14.2 കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടറില്‍ 260.50 രൂപയും പൊതുവിതരണ സംവിധാനത്തിലൂടെയുള്ള മണ്ണെണ്ണ വില്‍പ്പനയില്‍ 26.94 രൂപയും എണ്ണക്കമ്പനികള്‍ നഷ്ടം സഹിക്കുകയാണെന്ന് പെട്രോളിയം മന്ത്രി അവകാശപ്പെട്ടു. അസംസ്കൃത എണ്ണവിലയും രൂപയുടെ മൂല്യവും കണക്കിലെടുത്ത് പെട്രോള്‍ വില നിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും റെഡ്ഡി പറഞ്ഞു.
നഷ്ടം സഹിച്ചാണ് പെട്രോള്‍ വില്‍ക്കുന്നതെന്നും അത് നികത്താന്‍ വിലവര്‍ധന അനിവാര്യമാണെന്നും എച്ച്പിസിഎല്‍ ഡയറക്ടര്‍ ബി. മുഖര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എണ്ണക്കമ്പനികള്തന്നെയാണെന്നും ഉചിതമായ സമയത്ത് അതുണ്ടാകുമെന്നും എണ്ണവകുപ്പ് സെക്രട്ടറി ജി.സി. ചതുര്‍വേദി വാര്‍ത്താലേഖകരോട് പറഞ്ഞു. പെട്രോളിന്റെ വിലനിയന്ത്രണം സര്‍ക്കാരില്‍നിന്നും മാറ്റിയ പശ്ചാത്തലത്തില്‍ എണ്ണക്കമ്പനികള്‍ക്ക് വില കൂട്ടാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സപ്തംബര്‍ 16 ന് ഇന്ത്യന്‍ ഓയില്‍, എച്ച്പിസിഎല്‍, ഭാരത് പെട്രോളിയം എന്നീ മൂന്ന് എണ്ണക്കമ്പനികളും പെട്രോള്‍ വില ലിറ്ററിന് 3.14 രൂപ കൂട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് എല്ലാ നിലനിയന്ത്രണ നടപടികളില്‍നിന്നും പെട്രോളിനെ കേന്ദ്രം ഒഴിവാക്കിയത്. എന്നാല്‍ പിന്നീട് വരുത്തിയ വിലവര്ധനയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ ഉപദേശത്തോടെയായിരുന്നു എന്നത് ശ്രദ്ധേയമാണ്.
ഒരു മുഴുവന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഡീസല്‍, എല്‍പിജി, മണ്ണെണ്ണ എന്നിവയുടെ വില്പനയിലൂടെ 1,21,459 കോടി രൂപയുടെ നഷ്ടമാണ് എണ്ണക്കമ്പനികള്‍ നേരിടുന്നതത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: