തിരുവനന്തപുരം: വാളകത്തു അധ്യാപകന് കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് വിടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്, എം.എല്‍.എമാരായ മുല്ലക്കര രത്നാകരന്, പി.ഐഷാപോറ്റി എന്നിവര്‍ ഇക്കാര്യം സംബന്ധിച്ച് കത്തു നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിബിഐ അന്വേഷണം സംബന്ധിച്ച നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നു ഉമ്മന്‍ചാണ്ടി അറിയിച്ചു.
കഴിഞ്ഞ സപ്തംബര്‍ 27-നാണ് വാളകം ആര്.വി.എച്ച്.എസ്സിലെ അധ്യാപകന് കൃഷ്ണകുമാറിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. രാത്രി 10.45-നു സ്കൂളിനു സമീപത്തെ ജംഗ്ഷനിലാണ് ഇദ്ദേഹത്തെ അവശനിലയില്‍ കണ്ടെത്തിയത്. ഇതേ സ്കൂളിലെ അധ്യാപികയായ ഭാര്യ ഗീതയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വിഷയത്തിലും മാനേജ്മെന്റുമായി കൃഷ്ണകുമാര്‍ ശത്രുതയിലായിരുന്നു. പിള്ളയില്‍നിന്നും കൃഷ്ണകുമാറിനു ഭീഷണിയുണ്ടായിരുന്നെന്നു ഭാര്യ ഗീത പൊലീസിനു മൊഴിനല്‍കി. നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു. മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയവെ അധ്യാപകന് നല്കിയ മൊഴിയിലെ വൈരുധ്യം പൊലീസ് അന്വേഷണത്തെ കുഴച്ചു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആക്രമണമല്ല, അപകടമാണ് നടന്നതെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും ഒരു പ്രതിയെപോലും പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സംഭവം സിബിഐ അന്വേഷണത്തിനു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വാളകം കേസില്‍ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അന്വേഷണം സിബിഐയ്ക്കു വിടണമെന്നുമാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയ്ക്കു പ്രതിപക്ഷം നല്കിയ പരാതി മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിനു കൈമാറി. സിബിഐ അന്വേഷണം ആവാമെന്നു ആഭ്യന്തര വകുപ്പ് നിലപാട് സ്വീകരിച്ചതോടെയാണ് മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊണ്ടത്. അന്വേഷണം സിബിഐക്കു വിടുന്നതിന്റെ ഭാഗമായി കൊട്ടാരക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനംപുറപ്പെടുവിക്കും.
വാളകം സംഭവം സിബിഐക്കു വിടാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നു ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അധ്യാപകന് കൃഷ്ണകുമാറും ഭാര്യ ആര്.ഗീതയും പ്രതികരിച്ചു. പൊലീസിന്റെ അന്വേഷണം പ്രഹസനമായിരുന്നു. സിബിഐഅന്വേഷണത്തിലൂടെ തനിക്കു നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കേസില്‍ ആരോപണവിധേയരായ പലരെയും ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല. മന്ത്രി ഗണേഷ് കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫിലുള്ളവരെ ചോദ്യം ചെയ്തിരുന്നില്ല. ആരോപണവിധേയരായവരെ സംരക്ഷിക്കുന്ന തരത്തിലാണ് പൊലീസ് നീങ്ങിയിരുന്നത്. താന്‍ ആക്രമിക്കപ്പെട്ട സംഭവം ഒരു അപകടമാക്കി മാറ്റാനാണ് ആദ്യം മുതല്‍ പൊലീസ് ശ്രമിച്ചതെന്നും കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തി. കൃഷ്ണകുമാറിനെതിരായ ആക്രമണം വാഹനാപകടമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ചു ഭാര്യ ആര്.ഗീത നേരത്തെ ഡിജിപിക്കു പരാതി നല്‍കിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: