തിരുവനന്തപുരം: വനം മന്ത്രി കെ.ബി.ഗണേഷ് കുമാറിനെയും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെയും ബഹിഷ്കരിക്കാന്‍ ഇടതുമുന്നണി തീരുമാനം. ഇരുവരെയും മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്നും ഇടതുമുന്നണി ആവശ്യപ്പെട്ടു. എല്‍ഡിഎഫ് യോഗതീരുമാനങ്ങള്‍ കണ്‍വീനര്‍ വൈക്കം വിശ്വന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മന്ത്രി ഗണേഷ്കുമാര് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെതിരെ ഉപയോഗിച്ച പദങ്ങള്‍ തലയ്ക്ക് വെളിവുള്ളവര്‍ ഉപയോഗിക്കുന്നതല്ലെന്ന് വൈക്കം വിശ്വന്പറഞ്ഞു. സംഭവത്തെക്കുറിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഖേദം പ്രകടിപ്പിച്ചിട്ടും ഗണേഷ് കുമാര്‍ അതിനു തയ്യാറായില്ല. പത്തനാപുരം പ്രസംഗത്തെ ന്യായീകരിച്ച് ഉപാധികളോടെയാണ് മന്ത്രി ഖേദം പ്രകടിപ്പിച്ചത്. ഈ ഖേദപ്രകടനത്തെ എല്‍ഡിഎഫ് അംഗീകരിക്കുന്നുമില്ല. മുഖ്യമന്ത്രിയുടെ ഖേദപ്രകടനത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഗണേഷ്കുമാറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം. വാളകത്ത് അധ്യാപകന് ആക്രമിക്കപ്പെട്ടത് ആസൂത്രിതമായാണെന്നാണ് ഗണേഷിന്റെ പ്രസംഗം വ്യക്തമാക്കുന്നത്. ഭീഷണിയുടെ സ്വരത്തിലാണ് മന്ത്രി പ്രസംഗിച്ചത്. അതിനാല്‍ അദ്ദേഹത്തെ പ്രതിയാക്കി ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. യുഡിഎഫ് ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ ഓരോ പ്രസ്താവനകളും കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിനും വികാസത്തിനും എതിരാണ്. ജാതി പറഞ്ഞ് ഒരു എംഎല്‍എയെ അധിക്ഷേപിക്കുന്നത് കേരള നവോത്ഥാന പാരമ്പര്യത്തെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്നതാണ്. ഈ നീച സംസ്കാരം ആധുനിക കേരളത്തിന്റേതല്ല. ഫ്യൂഡല്‍ കാലത്തെ തമ്പുരാന് സംസ്കാരമാണിത്. ഇതിന് ബന്ധപ്പെട്ടവര്‍ മറുപടി പറയണം. സ്പീക്കറുടെ റൂളിംഗ് ലംഘിച്ചാണ് വാച്ച് ആന്റ് വാര്ഡിനെക്കുറിച്ചു പറഞ്ഞത്. ഇത് കേവലം ഒരു സ്ത്രീക്കു മാത്രമല്ല മുഴുവന്‍ സ്ത്രീത്വത്തിനും അപമാനമാണ്.
എന്നിട്ടും ജോര്‍ജിനെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇരുവരെയും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഇരുവര്‍ക്കെതിരെയും നിയമപരമായ നടപടികള്‍ കൈക്കൊള്ളുമെന്നും വൈക്കം വിശ്വന് പറഞ്ഞു.
നിയമങ്ങളും ജയില്‍ ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചാണ് ബാലകൃഷ്ണപിള്ളയ്ക്ക് സര്‍ക്കാര്‍ മോചനം നല്‍കിയത്. ഇക്കാര്യത്തില്‍ ഇടതുമുന്നിക്ക് ശക്തമായ പ്രതിഷേധമുണ്ട്. പിള്ളയുടെ മോചനത്തിലൂടെ യുഡിഎഫ് അധികാര ദുര്‍വിനിയോഗം നടത്തിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്വജനപക്ഷപാതമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നും വിശ്വന് കുറ്റപ്പെടുത്തി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: