മട്ടാഞ്ചേരി: കൊച്ചി നഗരവികസനം പശ്ചിമകൊച്ചിക്ക് നരകജീവിതം സമ്മാനിക്കുന്നു. കൊച്ചിന് കോര്പ്പറേഷന്, സര്‍ക്കാര്‍ ഏജന്‍സികള്‍, കേന്ദ്ര പദ്ധതികള്‍ തുടങ്ങി പൊതുമേഖലാ-സ്വകാര്യ മേഖലാ വികസന പദ്ധതികളെല്ലാം പശ്ചിമകൊച്ചിയെ അവഗണിക്കുന്നതായാണ് പരാതികളുയരുന്നത്. രാഷ്ട്രീയക്കാരുടെ അവസരവാദവും അധികാരികളുടെഅഴിമതിയും ജനങ്ങളെ നിത്യദുരിതത്തിലാക്കുകയാണെന്ന് രാഷ്ട്രീയ-സാമൂഹ്യ-ജനകീയ സംഘടനകള്‍ പറയുന്നു.
കുടിവെള്ളം, മാലിന്യനീക്കം, തകര്‍ന്ന റോഡുകള്‍, വെള്ളക്കെട്ട്, കൊതുകുശല്യം, ഗതാഗതസൗകര്യം, ജലഗതാഗതം, അടിസ്ഥാന സൗകര്യവികസനം തുടങ്ങി ജനോപകാരപ്രദമായ മേഖലകളിലെല്ലാം പശ്ചിമകൊച്ചി അവഗണിക്കപ്പെടുകയാണെന്നാണ് വിലയിരുത്തുന്നത്. കൊച്ചിയുടെ നഗരവികസനത്തില്‍ ഓരോരോഘട്ടങ്ങളിലായി ഓരോ സൗകര്യങ്ങള്‍ ഇല്ലാതാകുമ്പോഴും പ്രതിഷേധസ്വരങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ചാണ് ഭരണാധികാരികള്‍ ജനകീയ പ്രക്ഷോഭങ്ങളെ തകര്‍ക്കുന്നത്.
രണ്ട് പതിറ്റാണ്ടിന്റെ അവഗണന തുടരുമ്പോഴും പശ്ചിമകൊച്ചിയുടെ നഷ്ടങ്ങള്‍ ജനനിബിഡ കേന്ദ്രത്തെ ശ്മശാനഭൂമിയാക്കി മാറ്റുമെന്നാണ് ജനകീയ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. പനമ്പിള്ളിനഗര്‍-ഗാന്ധിനഗര്‍ കോളനികളും, ഫ്ലാറ്റ് സമുച്ചയങ്ങളും നഗരത്തില്‍ ഉയര്‍ന്നുപൊങ്ങിയപ്പോള്‍ പശ്ചിമകൊച്ചിയിലെ കുടിവെള്ള ലഭ്യത കുറഞ്ഞു തുടങ്ങി. കോര്‍പ്പറേഷന്റെ കിഴക്കന്‍ മേഖലകളില്‍ രാപ്പകല്‍ കുടിവെള്ളം ലഭ്യമാകുമ്പോള്‍ കോര്‍പ്പറേഷന്റെ പകുതിയിലേറെ ഡിവിഷനുകളുള്ള പശ്ചിമകൊച്ചി മേഖലയില്‍ നിയന്ത്രിത സമയങ്ങളില്‍ മാത്രമാണ് കുടിവെള്ള പമ്പിങ്ങും ലഭ്യതയുമെന്നത് ഭരണാധികാരികളുടെ ഇരട്ട സമീപനത്തെയാണ് വെളിപ്പെടുത്തുന്നത്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയപ്പോഴും പശ്ചിമകൊച്ചിയിലെ മാലിന്യനിര്‍മ്മാര്‍ജനം ചെയ്യുന്നതില്‍ അധികൃത സമീപനം വ്യത്യസ്തമായിരുന്നു. ഒടുവില്‍ പശ്ചിമകൊച്ചിയിലെ തുറസ്സായ സ്ഥലങ്ങളും കായല്‍തീരങ്ങളും, തോടുകളുമെല്ലാം മാലിന്യ സംഭരണകേന്ദ്രങ്ങളാക്കി ജനങ്ങളെ ദുര്‍ഗന്ധത്തിന്റെ തീവ്രദിനങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. തകര്‍ന്ന റോഡുകള്‍ യാത്രാദുരിതം വിതക്കുമ്പോള്‍ കോടികളാണ് നഗരത്തിലെ കിഴക്കന്‍ മേഖലയിലെ റോഡ് നവീകരണത്തിന് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. വെള്ളപൊക്കവും കൊതുകുശല്യവും ഇല്ലാതാക്കുന്നതില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി യാതൊരുവിധ പദ്ധതികളും കോര്പ്പറേഷന് കൊച്ചിയില്‍ നടപ്പാക്കിയിട്ടില്ലെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സമ്മതിക്കുന്നുണ്ട്. ജലഗതാഗത മേഖലയില്‍ കിഴക്കന്‍ മേഖലയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള യാത്രാബോട്ടുകള്‍ വെട്ടിക്കുറച്ചും യാത്രക്കാരെ നിയന്ത്രിച്ചും ജനങ്ങളില്‍ ദുരിതയാത്രക്ക് സാഹചര്യമൊരുക്കുകയാണ് അധികൃതര്‍. റോഡ് ഗതാഗതമേഖലയില്‍ സ്വകാര്യ ബസ്സുകള്‍ ട്രിപ്പുകള്‍ വെട്ടിക്കുറച്ച് തന്നിഷ്ടം പ്രകടമാക്കുമ്പോള്‍, കെഎസ്ആര്‍ടിസിയാകട്ടെ പശ്ചിമകൊച്ചി മേഖലയെ ഒഴിവാക്കിക്കൊണ്ടുള്ള നയമാണ് കൈക്കൊള്ളുന്നത്. തോപ്പുംപടി ബിഒടി പാലം ടോളിന്റെ മറവില്‍ ഏതാനും ദീര്‍ഘദൂര ബസ്സുകള്‍ അരൂര്‍ പാലം വഴിയാക്കിയാണ് കെഎസ്ആര്‍ടിസി നയം വ്യക്തമാക്കിയത്. ഒടുവില്‍ വൈറ്റില ഹബ്ബിന്റെ മറവില്‍ പശ്ചിമകൊച്ചി വഴി ദീര്‍ഘദൂര ബസ്സുകളെ ഒഴിവാക്കാനാണ് ശ്രമങ്ങള്‍ നടന്നുവരുന്നത്.
കേന്ദ്രപദ്ധതികളും പശ്ചിമകൊച്ചിക്ക് സമ്മാനിക്കുന്നത് ദുരിതങ്ങള്‍ മാത്രം. ഐലന്റിലെ വിമാനത്താവളം നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയും വല്ലാര്‍പാടം പദ്ധതിയും കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷനും സാമ്പത്തിക മേഖലകളുമെല്ലാം പശ്ചിമകൊച്ചിക്ക് അവഗണനയാണ് സമ്മാനിച്ചത്. വൈപ്പിന്‍-എറണാകുളം ദ്വീപുകളെ കോര്‍ത്തിണക്കി മൂന്ന് പാലങ്ങള്‍ ടോള്‍രഹിതമായി പ്രവര്‍ത്തിക്കുമ്പോള്‍ അനിവാര്യമായ തോപ്പുംപടി പാലം ബിഒടിയാക്കി അമിത ടോള്‍ ഈടാക്കുന്ന സമീപനമാണ് അധികൃതര്‍ പശ്ചിമകൊച്ചിയോട് കാണിക്കുന്നത്. ഭരണകേന്ദ്രങ്ങളും സര്‍ക്കാര്‍ പദ്ധതികളും പശ്ചിമ കൊച്ചിയെ അവഗണിക്കുമ്പോള്‍ ജനജീവിതം ദുരിതപൂര്‍ണ്ണമാകുകയും ഉയര്‍ന്ന ജനവിഭാഗങ്ങള്‍ പശ്ചിമകൊച്ചിയില്‍ നിന്ന് അന്യദേശങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്നു. ഇത് ഫലത്തില്‍ ഈ മേഖലയെ തകര്‍ക്കുകയാണ് ചെയ്യുന്നത്.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: