പനജി: 2ജി സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിക്കുള്ള പങ്ക് വ്യക്തമാക്കണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി ആവശ്യപ്പെട്ടു. അഴിമതിയില്‍ സഖ്യകക്ഷികള്‍ക്കുള്ള അത്രത്തോളം ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടെന്നും അദ്വാനി പറഞ്ഞു.
ഗോവയില്‍ ജനചേതനാ യാത്രയ്ക്ക് നല്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്വാനി. പ്രധാനമന്ത്രി മന്മോഹന് സിങ്ങും കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരവും സ്പെക്ട്രം അഴിമതിക്ക് എത്രത്തോളം ഉത്തരവാദികളാണെന്ന് രാജ്യത്തിന് അറിയണമെന്നും അദ്ദേഹം പറഞ്ഞു.
സഖ്യകക്ഷിയായ ഡി.എം.കെയെ ബലിയാടാക്കിക്കൊണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. സഖ്യകക്ഷികള്‍ക്കുള്ള അത്രത്തോളം ഉത്തരവാദിത്തം സ്പെക്ട്രം അഴിമതിയില്‍ കോണ്‍ഗ്രസിനുണ്ട്. ഒരു സഖ്യകക്ഷിയോടും അഴിമതി നടത്തിയ ഒരാളോടും തനിക്ക് സഹതാപമില്ല. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വരുന്നതോടെ എല്ലാ സത്യങ്ങളും രാജ്യത്തിന്റെയും പാര്‍ലമെന്റിന്റേയും ശ്രദ്ധയില്‍ വരുമെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.
ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഉറച്ച നിലപാടു സ്വീകരിച്ചിരുന്നുവെങ്കില്‍ 2ജി വില്പനയ്ക്കു പകരം ലേലം സാധ്യമാകുമായിരുന്നുവെന്നും അദ്വാനി പറഞ്ഞു. അഴിമതിക്കെതിരെയുള്ള പാര്‍ട്ടിയുടെ ശക്തമായ നടപടികള്‍ മാത്രമാണ് കര്‍ണ്ണാടകയില്‍ സംഭവിച്ചതെന്നും ഇതില്‍ പശ്ചാത്തപിക്കേണ്ട യാതൊരു കാര്യമില്ലെന്നും അദ്വാനി പ്രസംഗത്തില്‍ വ്യക്തമാക്കി.
രണ്ടു പൊതുയോഗങ്ങളിലും ആറോളം സ്വീകരണ പരിപാടികളിലും സംബന്ധിക്കുന്ന അദ്വാനി ഇന്ന് വൈകിട്ട് മഹാരാഷ്ട്രയിലേക്ക് യാത്ര തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: