കൊച്ചി: എറണാകുളം പുത്തന്‍വേലിക്കര കൊലപാതകക്കേസിലെ പ്രതി റിപ്പര്‍ ജയാനന്ദന് കൊച്ചിയിലെ സി.ബി.ഐ കോടതി വധശിക്ഷ വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു കേസ് പരിഗണിച്ച ജഡ്ജി ജോസ് തോമസ് നിരീക്ഷിച്ചു.
ജയാനന്ദന് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2006 ഒക്റ്റോബര്‍ രണ്ടിന് പുത്തന്‍വേലിക്കര നെടുമ്പിളളി വീട്ടില്‍ രാമകൃഷ്ണന്റെ ഭാര്യ ദേവകി എന്ന ബേബിയെ കൊലപ്പെടുത്തിയ ശേഷം ഇടതു കൈപ്പത്തി വെട്ടിമാറ്റുകയും ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തെന്നാണ് കേസ്. ദേവകിയുടെ കിടപ്പറയില്‍ വച്ചായിരുന്നു കൊല. ഭര്‍ത്താവ് രാമകൃഷ്ണനെ പ്രതി തലയ്ക്കടിച്ചു ബോധം കെടുത്തുകയും ചെയ്തു. തെളിവുകള്‍ നശിപ്പിക്കാനും ജയാനന്ദന് ശ്രമിച്ചിരുന്നു.
യാതൊരു മുന്‍ വൈരാഗ്യവും ഇല്ലാതെ ഒരു അപരിചിതയുടെ സ്വര്‍ണവും പണവും കവരാന്‍ വേണ്ടി മാത്രമായി കൊലനടത്തിയ പ്രതി സമൂഹത്തിനു ഭീഷണിയാണെന്നും ഇത്തരത്തിലുള്ള പ്രതികള്‍ രക്ഷപ്പെട്ടാല്‍ ജുഡീഷ്യറിക്കു തന്നെ നാണക്കേടാണെന്നും കോടതി വിലയിരുത്തി. അത്യപൂര്‍വമായ കേസായതിനാല്‍ പ്രതിക്കു വധശിക്ഷ നല്‍കണമെന്ന് അഡിഷനല്‍ പ്രോസിക്യുട്ടര്‍ പി.ജെ. മനു കോടതിയില്‍ പറഞ്ഞു. ജീവപര്യന്തം മാത്രം നല്കിയാല് പ്രതി പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യം നടത്താന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യുട്ടര്‍ ചൂണ്ടിക്കാട്ടി.
കുറ്റകൃത്യങ്ങള്‍ ചെയ്യുമ്പോള്‍ പലരെയും തലയ്ക്കടിച്ചു പരുക്കേല്‍പ്പിക്കുന്നതിനാല്‍ ഇയാള്‍ റിപ്പര്‍ ജയാനന്ദന് എന്നാണ് അറിയപ്പെട്ടിരുന്നത്. നിരവധി കുറ്റകൃത്യ കേസുകളില്‍ പ്രതിയാണ് ജയാനന്ദന്. കോളിളക്കം സൃഷ്ടിച്ച മാള ഇരട്ടക്കൊലപാതക കേസില്‍ ഇയാള്‍ പ്രതിയായിരുന്നെങ്കിലും സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: