ന്യൂദല്‍ഹി: കാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് യാത്ര തിരിച്ചു. ഉച്ചകോടിയില്‍ യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
കള്ളപ്പണം ഇല്ലാതാക്കാന്‍ രാജ്യങ്ങള്‍ തമ്മില്‍ നികുതിവിവരങ്ങള്‍ സ്വമേധയാ കൈമാറുന്നതിനുള്ള വ്യവസ്ഥ ഇത്തവണത്തെ ജി-20യില്‍ ചര്‍ച്ചാവിഷയമാക്കാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നു. ഇതു സംബന്ധിച്ച് ഒരു രൂപരേഖ കേന്ദ്രസര്‍ക്കാര്‍ ഫ്രാന്‍സിന് കൈമാറിയിട്ടുണ്ട്. നികുതി വെട്ടിപ്പിന്റെ വഴികള്‍ അടയ്ക്കാനുള്ള ചില നിര്‍ദേശങ്ങളും ഇന്ത്യ മുന്നോട്ടു വയ്ക്കും.
ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്കോസിയാണ് ഈ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ചൈന പ്രസിഡന്റ് ഹുജിന്റാവോ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
അതിനിടെ ഉച്ചകോടി നടക്കുന്ന ഫ്രാന്‍സില്‍ പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ജനങ്ങള്‍ ആദ്യം, പണം പിന്നീട് എന്ന മുദ്രാവാക്യമുയര്‍ത്തി കൂറ്റന്‍ റാലികളാണ് നഗരത്തിലെങ്ങും നടന്നത്. സമീപ നഗരമായ മൊണാകോയില്‍ പ്രകടനങ്ങള്‍ നടന്നു. ഉച്ചകോടി നടക്കുന്ന കാനില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധക്കാര്‍ യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: