ചെന്നൈ: ജനചേതന യാത്രയ്ക്കിടെ ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തമിഴ് നാട്ടില്‍ രണ്ടു പേര് അറസ്റ്റിലായി അബ്ദുള്ള എന്നറിയപ്പെടുന്ന അബ്ദുള്‍ റഹ്മാന്(26), ഇഷ്മത് (22) എന്നിവരാണു പിടിയിലായത്.
ജനചേതന യാത്രയ്ക്കിടെ ഒക്റ്റോബര്‍ 28നു മധുരയിലെ ആലമ്പാട്ടി എന്ന സ്ഥലത്തുനിന്നു ബോംബ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. അബ്ദുള്‍ റഹ്മാന് നെല്പ്പട്ടൈ സ്വദേശിയും ഇഷ്മത് മധുര സിമ്മക്കല്‍ സ്വദേശിയുമാണ്. ഇവര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ഓട്ടൊറിക്ഷയും ബൈക്കും കസ്റ്റഡിയിലെടുത്തു.
ഏഴു കിലോ ഭാരമുള്ള പൈപ്പ് ബോംബാണ് ആലമ്പാട്ടിയില് നിന്നു കണ്ടെത്തിയത്. അദ്വാനിയുടെ വാഹനം തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നു പോലീസ് അറിയിച്ചു. സംഭവത്തില്‍ പങ്കുണ്ടന്നു കരുതപ്പെടുന്ന അല്‍ഉമ്മ നേതാവ് ഇമാം അലിയുടെ അനുയായികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ആറു പേരടങ്ങുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. സംഭവത്തിന് തലേന്നു പ്രദേശത്തു മൂന്നു മോട്ടോര്‍ ബൈക്കുകളിലായി ചുറ്റി തിരിഞ്ഞവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ബോംബ് കണ്ടെത്താന്‍ പോലീസിനെ സഹായിച്ച ശെല്‍വരാജിനും അണ്ണാ ഡി.എം.കെ കൗണ്‍സിലര്‍ ശെല്‍വത്തിനും 50,000 രൂപ വീതം മുഖ്യമന്ത്രി ജയലളിത സമ്മാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: