വാഷിങ്ടണ്‍: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്റെ മാതാവ് ദൊറോത്തി റോഥം (92) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മരണസമയം ഹിലരി ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ ഒപ്പമുണ്ടായിരുന്നു. കിന്റന് ഫൗണ്ടേഷനാണ് മരണവാര്‍ത്ത അറിയിച്ചത്.
മാതാവിന്റെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഹിലരി തന്റെ ബ്രിട്ടന്, തുര്‍ക്കി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കിയിരുന്നു. 2000ത്തില്‍ ഹിലരിയോടൊപ്പം ദൊറോത്തി ഇന്ത്യയിലെത്തിയിട്ടുണ്ട്. 1998ല്‍ ചൈനയും സന്ദര്‍ശിച്ചു. സ്നേഹമയിയും നര്‍മബോധവും നിറഞ്ഞ നല്ല കൂട്ടുകാരിയായിരുന്നു ഹിലരിക്ക് മാതാവെന്നു ഫൗണ്ടേഷന് അനുസ്മരിച്ചു.
1919 ല്‍ ഷിക്കാഗോയിലാണ് ദൊറോത്തി ജനിച്ചത്. 1942ല്‍ പ്രമുഖ വ്യവസായി ഹ്യുഗ് ഇ.റോധവുമായി വിവാഹം നടന്നു. 1993ലാണ് ഹ്യൂഗ് റോധം അന്തരിച്ചത്. ഹിലരി ക്ലിന്റന്റെ രാഷ്ട്രീയ വിജയങ്ങളിലും പരാജയങ്ങളിലും എന്നും ദൊറോത്തി കൂടെയുണ്ടായിരുന്നു. മാധ്യമങ്ങളില്‍ നിന്ന് എന്നും അകന്നു നില്ക്കാന് ശ്രമിച്ച ദൊറോത്തി വളരെ അപൂര്‍വമായാണ് ടെലിവിഷന്‍ ചാനലുകള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയിരുന്നത്.
സ്വന്തം കാലില്‍ നില്‍ക്കാനും അശരണര്‍ക്ക് വേണ്ടി നിലകൊള്ളാനും തന്നെ പഠിപ്പിച്ചത് അമ്മയായിരുന്നെന്ന് ഹിലരി പറയാറുണ്ടായിരുന്നു. 2008 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിത്വത്തിനായി ഹിലരി ക്ലിന്റണ് ബരാക് ഒബാമയ്ക്ക് എതിരെ മത്സരിച്ചപ്പോള്‍ മകള്‍ക്ക് പിന്തുണയുമായി ദൊറോത്തി പല വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: