തിരുവനന്തപുരം : ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയിലെ അഴിമതിയില്‍ എ.കെ. ആന്റണിയും കുറ്റക്കാരന്‍. സര്‍ക്കാരിന് 108 കോടിയുടെ നഷ്ടം വരുത്തിയ മലിനീകരണ നിയന്ത്രണ പദ്ധതിയുടെ തുടക്കം എ.കെ. ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. പദ്ധതിക്ക് പിന്നിലെ അഴിമതിയെക്കുറിച്ച് അന്ന് ആന്റണിക്ക് രേഖാമൂലം നിവേദനം നല്‍കിയിരുന്നു. പ്രശസ്ത വോളിബോള്‍ താരം ജിമ്മിജോര്‍ജ്ജിന്റെ സഹോദരനും ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥനുമായിരുന്ന സെബാസ്റ്റ്യന്‍ ജോര്‍ജ്ജ് ഇതു സംബന്ധിച്ച് വിശദമായ നിവേദനമാണ് ആന്റണിക്ക് നല്‍കിയത്. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയാണെന്നും ഇതെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആന്റണിയോട് ആവശ്യപ്പെട്ടിരുന്നു. യാതൊരു നടപടിയും എടുക്കാതെ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ മൗനാനുവാദം നല്‍കുകയായിരുന്നു ആന്റണി.
മലിനീകരണ നിയന്ത്രണബോര്‍ഡും കോസ്റ്റല്‍ ആന്റ് ലിഫ്റ്റ് അസോസിയേഷനും ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട കേസില്‍ കക്ഷികളായിരുന്ന 13 പേരും പദ്ധതിയെ എതിര്‍ത്തതും ഇത് പരിഗണിച്ച് ലോകായുക്ത 2001 മാര്‍ച്ച് 15ന് പദ്ധതി സ്റ്റേ ചെയ്തതും ഇതിനെതിരെ ടിടിപി മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ച് കമ്പനിക്ക് അനുകൂലമായ വിധി സമ്പാദിച്ചതും മാനേജ്മെന്റും തൊഴിലാളി സംഘടനകളും ഇക്കാര്യത്തില്‍ ഒത്തുകളിക്കുന്നതും എ.കെ. ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
കമ്പനിയുടെ മലിനീകരണം സംബന്ധിച്ച് ജസ്റ്റിസ് കെ.എ. നായര്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. കമ്പനിയില്‍ പറയത്തക്ക മലിനീകരണം ഇല്ലെന്നും മലിനീകരണത്തിന്റെ പേരില്‍ തദ്ദേശവാസികള്‍ക്ക് ജോലി സംവരണം വേണ്ടെന്നുമായിരുന്നു കമ്മീഷന്റെ മുന്നില്‍ കമ്പനി വാദിച്ചത്. എന്നാല്‍ 108 കോടിയുടെ പ്രായോഗികമല്ലാത്ത പദ്ധതി നടപ്പാക്കാന്‍ നിലപാട് മാറ്റി കമ്പനി മാനേജ്മെന്റ് അമിതാവേശം കാട്ടിയത് അന്വേഷണവിധേയമാക്കണം. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ വാര്‍ഷിക വിറ്റു വരവിന്റെ 150% തുക ചെലവഴിച്ച് മലിനീകരണ പദ്ധതി നടപ്പാക്കുന്നതിന്റെ പിന്നില്‍ ദുരുദ്ദേശ്യമുണ്ട്. 108 കോടിയുടെ പ്രായോഗികമല്ലാത്ത പദ്ധതി നടപ്പിലാക്കിയാല്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഒരു ടൈറ്റാനിക് ആയി മുങ്ങിത്താഴുമെന്ന് 2003 മാര്‍ച്ച് 3ന് എ.കെ. ആന്റണിക്ക് നല്കിയ നിവേദനത്തില്‍ സെബാസ്റ്റ്യന്‍ ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു.
സമഗ്രമായ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നും അഴിമതിയെക്കുറിച്ചുള്ള കൂടുതല്‍ രേഖകള്‍ വിജിലന്‍സ് മുമ്പാകെ ഹാജരാക്കാമെന്നും നിവേദനത്തില്‍ വ്യക്തമാക്കിയിരുന്നു.
വ്യക്തമായ തെളിവുകളും രേഖകളും സഹിതം നിവേദനം നല്‍കിയിട്ടും എ.കെ. ആന്റണി ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് കോടികള്‍ ഖജനാവിന് നഷ്ടം വരുന്ന അഴിമതിക്ക് ഇടനല്‍കിയതും ആന്റണിയുടെ നിശബ്ദതയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: