മുംബൈ: ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ അവസാന ദിവസം വീണ്ടും നിരാഹാരസമരം തുടങ്ങുമെന്ന് അണ്ണാ ഹസാരെയുടെ മുന്നറിയിപ്പ്. ഇക്കാര്യം വ്യക്തമാക്കി ഹസാരെ പ്രധാനമന്ത്രിക്ക് കത്തയച്ചു. ചില കേന്ദ്രമന്ത്രിമാര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും അണ്ണാ ഹസാരെ കുറ്റപ്പെടുത്തി.
അഴിമതിക്കെതിരെ 25 വര്‍ഷമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് വീണ്ടും കത്തെഴുതുന്നതെന്ന് അണ്ണാ ഹസാരെ പ്രധാനമന്ത്രിയെ അറിയിച്ചു. രാംലീല മൈതാനിയില്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചതു പ്രധാനമന്ത്രി കേന്ദ്രമന്ത്രിയായ വിലാസ് റാവു ദേശ്മുഖ് മുഖേന നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണെന്ന് ഹസാരെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ പക്കല്‍ കൊടുത്തയച്ച കത്തില്‍ ജന്‍ലോക്പാല്‍ ബില്‍ അല്ലെങ്കില്‍ ശക്തമായ നിയമം ശീതകാല സമ്മേളനത്തില്‍ നടപ്പാക്കുമെന്ന് ഉറപ്പു നല്‍കിയതാണ്. എന്നാല്‍ ഇതംഗീകരിക്കില്ലെന്നാണു മന്ത്രിമാരുടെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്. പലരും വൈരുധ്യം നിറഞ്ഞ പ്രസ്താവനകളാണു നടത്തുന്നത്. അതുകൊണ്ടാണു കത്തെഴുതുന്നതെന്നും ഹസാരെ വ്യക്തമാക്കി.
ശീതകാല സമ്മേളനത്തില്‍ ബില്‍ പാസാക്കുമോയെന്ന കാര്യത്തില്‍ ഉറപ്പു നല്‍കണമെന്നും ഹസാരെ ആവശ്യപ്പെട്ടു. ബില്ല് പാസാക്കിയില്ലെങ്കില്‍ സമ്മേളനത്തിന്റെ അവസാന ദിവസം മുതല്‍ താന്‍ നിരാഹാരം ആരംഭിക്കും. ഇതോടൊപ്പം തന്റെ സഹപ്രവര്‍ത്തകര്‍ രാജ്യത്ത് എല്ലായിടത്തും പോയി ജനങ്ങളോട് സംസാരിക്കും. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ സംശുദ്ധ രാഷ്ട്രീയത്തിനായി നിലകൊള്ളുന്നവര്‍ക്കായി പ്രചാരണം നടത്തുമെന്നും അണ്ണാ ഹസാരെ കത്തില്‍ വ്യക്തമാക്കി.
ഫലപ്രദമായ ബില്‍ പാസാകുകയാണെങ്കില്‍ അഴിമതിയുടെ രൂക്ഷതയില്‍ നിന്നും രാജ്യം രക്ഷപ്പെടുമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഫണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും ഹസാരെ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കത്തിന്റെ പകര്‍പ്പ് യു.പി അധ്യക്ഷ സോണിയാ ഗാന്ധിക്കും കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദിനും നല്‍കിയിട്ടുണ്ട്.
ആഗസ്റ്റ് 16 ന് രാംലീലാ മൈതാനത്ത് തുടങ്ങിയ നിരാഹാരസമരം അവസാനിപ്പിക്കുന്നതിന് മുമ്പായി ഈ വിഷയത്തില്‍ വേണ്ടത് ചെയ്യാമെന്നായിരുന്നു പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതെന്ന് ഹസാരെയുടെ അടുത്ത അനുയായിയായ ദത്ത അവാരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: