കൂത്താട്ടുകുളം: ഞായറാഴ്ച അന്തരിച്ച സിവില്‍ സപൈപ്ലസ് മന്ത്രി ടി.എം.ജേക്കബിന്റെ മൃതദേഹം സംസ്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കൂത്താട്ടുകുളം കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് യാക്കോബ്ബായ പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം.
ഇന്നലെ രാത്രി വൈകി വീട്ടിലെത്തിച്ച ടി.എം ജേക്കബിന്റെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്. പുലര്‍ച്ചെ മുതല്‍ പ്രിയ നേതാവിനെ അവസാനമായി കണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയ നാട്ടുകാരുടെയും പ്രവര്‍ത്തകരുടെയും നിര വീടിന് പുറത്ത് കിലോമീറ്ററുകളോളം നീണ്ടു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന് മന്ത്രിമാരായ കെ. എം.മാണി, കുഞ്ഞാലിക്കുട്ടി, എ.പി. അനില്‍കുമാര്‍, ജയലക്ഷ്മി, അബ്ദുറബ്ബ്, ഷിബുബേബി ജോണ്‍, തുടങ്ങിയവരടക്കം രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സംസ്കാര ചടങ്ങിനെത്തി.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു അന്ത്യശുശ്രൂഷ ചടങ്ങുകള്‍. പതിനൊന്ന് മണിയോടെ ജേക്കബ്ബിന്റെ തറവാടായ തിരുമാറാടി മണ്ണത്തൂര്‍ താണികുന്നേല്‍ വീട്ടില്‍ സംസ്കാര ശുശ്രൂഷകള്‍ക്കുശേഷം വിലാപയാത്രയായി ഭൗതികശരീരം കാക്കൂരിലെ പള്ളിയില്‍ എത്തിക്കുകയായിരുന്നു.
പാത്രിയാര്‍ക്കീസ് ബാവയുടെ അനുശോചന സന്ദേശം കാതോലിക്ക ബാവ സംസ്കാര ശുശ്രൂഷകള്‍ക്കിടെ വായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: