ന്യൂദല്‍ഹി: ആര്.ബാലകൃഷ്ണപിളളയെ ജയില്‍മോചിതനാക്കിയതു നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി. മോചനത്തിനെതിരേ ഹര്‍ജി നല്കാന് അനുവദിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ അപേക്ഷയിലാണ് കോടതി പരാമര്‍ശം.
പിളളയെ ജയില്‍മോചിതനാക്കിയതു നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു വിഎസ് കോടതിയെ സമീപിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വി.എസിന്റെ അഭിഭാഷകന് കോടതിയില്‍ അപേക്ഷ നല്‍കിയത്. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച പിള്ളയെ മോചിപ്പിച്ചത് ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിച്ചാണെന്ന് വി.എസിന് വേണ്ടി ഹാജരായ അഭിഭാഷകന് സതീഷ് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.
വി.എസിന്റെ ഈ വാദം കണക്കിലെടുത്ത ജസ്റ്റീസുമാരായ കെ.സദാശിവം, ബി.എസ്.ചൗഹാന് എന്നിവരുടെ ബെഞ്ച് വി.എസിനോട് നടപടി ക്രമങ്ങള്‍ പാലിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കാന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇങ്ങനെ ഹര്‍ജി നല്‍കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
പിളളയെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി ഏതെങ്കിലും തരത്തിലുളള നിയമലംഘനം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായാല്‍ പരിശോധിക്കുമെന്നും കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: