ന്യൂദല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 1.82 രൂപ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യവുമായി എണ്ണക്കമ്പനികള്‍ രംഗത്ത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വില വര്‍ദ്ധനയ്ക്ക് കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എണ്ണക്കമ്പനികളെ പ്രമുഖരായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയാണ് വില വര്‍ദ്ധന മുഖ്യമായും ആവശ്യപ്പെടുന്നത്. കടം കൂടിയതു കൊണ്ടാണ് വിലവര്‍ധന ആവശ്യപ്പെടുന്നതെന്നാണ് വാദം. 30,000 കോടി രൂപയുടെ കടം കമ്പനിക്കുണ്ട്. ഇതില്‍ 5000 കോടി രൂപ ദീര്‍ഘകാല കടമാണ്. ഇതു നികത്താനാണ് വര്‍ധന വേണ്ടി വരുന്നതെന്നും എച്ച്.പി.സി.എല്‍ ഡയറക്ടര്‍ ബി.മുഖര്‍ജി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വിമാന കമ്പനികള്‍ 11,070 കോടി രൂപ നല്‍കാനുണ്ട്. ദിവസം ഏഴു കോടി രൂപയുടെ ഇടപാടാണു കിങ് ഫിഷര്‍ എയര്‍ ലൈന്‍സുമായി കമ്പനി നടത്തുന്നത്. കിങ് ഫിഷര്‍ 670 കോടി രൂപയും എയര്‍ഇന്ത്യ 400 കോടി രൂപയുമാണു നല്‍കാനുള്ളത്. ഇതു നികത്താനാണ് വിലവര്‍ധന ഉന്നയിക്കുന്നതെന്നും മുഖര്‍ജി വ്യക്തമാക്കി.
മറ്റ് എണ്ണക്കമ്പനികളുമായി ആവശ്യം ചര്‍ച്ചചെയ്തു വരികയാണ്,. എന്നാല്‍ ഐ.ഒ.സിയും ബി.പി.സി.എല്ലും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഉടന്‍ തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
പെട്രോള്‍ വില തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തെ എണ്ണക്കമ്പനികള്‍ക്കു വിട്ടുകൊടുക്കാന്‍ 2010 ജൂണിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില ഇപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: