ഇംഫാല്‍: മണിപ്പുരിലെ ദേശീയപാതകളില്‍ പ്രക്ഷോഭകാരികള്‍ മൂന്നു മാസമായി തുടരുന്ന ഉപരോധ സമരം ഭാഗികമായി പിന്‍വലിച്ചു. ജില്ലാ പുനഃസംഘടന കമ്മിഷന്റെ (ഡിആര്‍സി) റിപ്പോര്ട്ടിന്മേല് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ ഉറപ്പിന്മേലാണ് ഉപരോധം പിന്‍വലിച്ചത്. ഇതോടെ 93 ദിവസം പിന്നിട്ട ഉപരോധ സമരം താത്കാലികമായി അവസാനിച്ചു.
സേനാപതി ജില്ലയില്‍ കുകികള്‍ക്ക് ഭൂരിപക്ഷമുള്ള സദര്‍ ഹില്‍സ് പ്രദേശത്തെ പ്രത്യേക ജില്ലയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സദര്‍ ഹില്‍സ് ഡിസ്ട്രിക്ക് ഡിമാന്‍ഡ് കമ്മിറ്റി (എസ്.എച്ച്.ഡിഡി.സി) ഉപരോധം നടത്തിയത്. ഇംഫാല്‍ ദിമാപുര്‍ ഗുവഹാത്തി (എന്‍.എച്ച് 39), ഇംഫാല്‍ ജിരിബാം സില്ചാര് (എന്‍.എച്ച് 53) ദേശീയപാതകളിലായിരുന്നു സമരക്കാര്‍ ഉപരോധിച്ചത്. അയല്‍ സംസ്ഥാനങ്ങളായ നാഗാലാന്ഡിലൂടെയും അസമിലൂടെയും കടന്നു പോകുന്ന ഹൈവേകളാണിത്. ഇതിലൂടെയാണ് ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെ ചരക്കു വാഹനങ്ങള്‍ മണിപ്പുരിലെത്തുന്നത്.
നാഗ-കുകി ഗോത്ര വിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷത്തെ തുടര്‍ന്നു മണിപ്പുര്‍ കടുത്ത ക്ഷാമവും വിലക്കയറ്റവുമാണ് അനുഭവിക്കുന്നത്. അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നു. പാചകവാതകത്തിന് 1500 രൂപയും പെട്രോളിന് 150 രൂപയുമാണു കരിഞ്ചന്തയില്‍ ഈടാക്കുന്നത്. അരി കിലോയ്ക്ക് 80 രൂപയും പഞ്ചസാരയ്ക്ക് 70 രൂപയുമാണു വില.
ഉപരോധം പിന്‍വലിച്ചതോടെ മണിപ്പുരിലെ ജനജീവിതത്തിനു താത്കാലിക ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. കേന്ദ്ര സഹായത്തോടെ 1,100 ലേറെ ട്രക്കുകളില്‍ ഉത്പന്നങ്ങള്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്നു ചിദംബരം അറിയിച്ചു. അതേസമയം യുനൈറ്റഡ് നാഗാ കൗണ്‍സില്‍ (യു.എന്‍.സി) യുടെ നേതൃത്വത്തില്‍ ദേശീയപാതയില്‍ നടക്കുന്ന ഉപരോധം ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: