ട്രിപ്പോളി: ലിബിയയിലെ ഇടക്കാല പ്രധാനമന്ത്രിയായി അബ്ദുള്‍ റഹീം അല്‍ ഖീബിനെ തെരഞ്ഞെടുത്തു. എട്ടു മാസത്തിനകം പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്ന് ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ അറിയിച്ചു. ലിബിയയ്ക്കു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വ്യോമ നിരോധനം നാറ്റോ പിന്‍വലിച്ചു.
ലിബിയ സാധാരണ ജീവിതത്തിലേക്ക് നീങ്ങുന്നതിന്റെ ആദ്യ പടിയായാണ് ഇടക്കാല പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. മുവാമര്‍ ഗദ്ദാഫിയുടെ പതനത്തിന് ശേഷം സ്ഥാനമൊഴിയാന്‍ തയാറെടുത്തിരുന്ന മുഹമ്മദ് ജിബ്രിലിന്റെ ഒഴിവിലേക്കാണ് അല്‍ ഖീബിനെ തെരഞ്ഞെടുത്തിരിക്കുന്നത്. പരിവര്‍ത്തന കൗണ്‍സിലിലെ അംഗങ്ങളാണ് പുതിയ പ്രധാനമന്ത്രിയെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
അറിയപ്പെടുന്ന ടെക്നൊക്രാറ്റാണ് അല്‍ ഖീബ്. 26നെതിരേ 51 വോട്ടുകള്‍ നേടിയാണ് ഇദ്ദേഹം വിജയിച്ചത്. ഈ തെരഞ്ഞെടുപ്പോടെ ജനാധിപത്യ രീതിയിലേക്കു ലിബിയ എത്തിച്ചേര്‍ന്നെന്നു ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ ചെയര്മാന് മുസ്തഫ അബ്ദുല്‍ ജലീല്‍ പറഞ്ഞു. ഭാരിച്ച ഉത്തരവാദിത്വമാണ് തനിക്കുമേലുള്ളതെന്നാണ് അല്‍ ഖീബിന്റെ പ്രതികരണം.
എട്ടു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ വ്യക്തമാക്കി. ലിബിയയിലെ സൈനിക നടപടികള്‍ പൂര്‍ത്തിയാക്കി എന്ന് പ്രഖ്യാപിച്ച നാറ്റോ വ്യോമ നിരോധനവും എടുത്തു കളഞ്ഞു. ദിവസങ്ങള്‍ക്കകം ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇടക്കാല സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: