തൃശൂര്‍: സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് തൃശൂര്‍ അതിവേഗ കോടതി വിധിച്ചു. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. പ്രതി കുറ്റം ചെയ്തതായി സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചതായി വിധി പ്രസ്താവിച്ച അതിവേഗ കോടതി ജഡ്ജി രവീന്ദ്രബാബു പറഞ്ഞു. കൊലപാതകം, ബലാത്സംഗം, മോഷണം, സ്ത്രീകളുടെ കംപാര്‍ട്ട്മെന്റില്‍ കുറ്റകരമായി അതിക്രമിച്ചു കടക്കല്‍, മോഷണത്തിനിടയില്‍ കൊലപാതകം എന്നിവയുള്‍പ്പെടെ 15 കുറ്റങ്ങളാണ് കോടതി ചുമത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം 302,376, 397, 394, 447 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണു പ്രതി ചെയ്തത്.
ഇന്നലെ രാവിലെ കനത്ത പോലീസ് സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ കോടതിയിലേക്ക് കൊണ്ടുവന്നത്. വിധി കേള്‍ക്കാന്‍ സൗമ്യയുടെ അമ്മ സുമതി, പിതാവ് ഗണേശന്, സഹോദരന് സന്തോഷ് എന്നിവരും എത്തിയിരുന്നു. ഗോവിന്ദച്ചാമിയെ പോലീസ് ജീപ്പ്പില്‍ നിന്നും പുറത്തിറക്കുന്നതിനിടെ പിതാവ് ഗണേശന് ഗോവിന്ദച്ചാമിയുടെ അടുത്തേക്ക് പാഞ്ഞടുക്കാന്‍ ശ്രമിച്ചെങ്കിലും പോലീസുകാര്‍ തടഞ്ഞു.
കോടതിയില്‍ പ്രതി കുറ്റക്കാരനാണെന്ന് വിധിക്കുന്നതിന് മുമ്പ് പ്രോസിക്യൂഷന് ഇയാളുടെ പേരില്‍ തമിഴ്നാട്ടില്‍ എട്ടു ക്രിമിനല്‍ കേസുകളുണ്ടെന്നും ഇതു സംബന്ധിച്ച സാക്ഷികളായ ഫിംഗര്‍പ്രിന്റ് വിദഗ്ധരുടെ സാക്ഷിമൊഴി കൂടി പരിഗണിക്കണമെന്ന് കോടതിയില്‍ വാദിച്ചു. ഇയാള്‍ വിവിധ പേരുകളിലാണു തമിഴനാട്ടില്‍ അറിയപ്പെട്ടിരുന്നതെന്നും സ്ഥിരം കുറ്റവാളിയെന്നു തെളിയിക്കാന്‍ ഫിംഗര്‍പ്രിന്റ് വിദഗ്ധരുടെ മൊഴി രേഖപ്പെടുത്തണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറായ എ.സുരേശന് കോടതിയില്‍ വാദിച്ചത്. രാജ, രാജേഷ്, കൃഷ്ണ എന്നീ പേരുകളിലാണു വില്ലുപുരത്തും , സേലായൂര്‍ എന്ന സ്റ്റേഷനിലും ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. നാലാം തീയതിയാണ് ഫിംഗര്‍ പ്രിന്റുകാരെ കോടതിയില്‍ വിസ്തരിക്കുന്നത്. പ്രതിയ്ക്കുള്ള ശിക്ഷ അന്നു തന്നെയോ പിന്നീടോ വിധിക്കും. സമാനതകളില്ലാത്ത കുറ്റമാണു പ്രതി ചെയ്തതെന്നും പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന് വാദിച്ചു. ദൃക്സാക്ഷിയില്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമല്ലെന്നും പ്രതിഭാഗം വാദിച്ചു. ദൃക്സാക്ഷികളില്ലാത്തതിനാല്‍ സാക്ഷി മൊഴികളും സാഹചര്യത്തെളിവുകളും മുന്‍നിര്‍ത്തിയാണു വിചാരണ നടന്നത്. 43 തൊണ്ടികളും 101 രേഖകളും പ്രതിക്കെതിരെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു.
ആയിരം പേജിലുള്ള കുറ്റപത്രം സിഡിയിലാക്കിയാണ് പോലീസ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ക്കു നല്‍കിയത്. കേസില്‍ 82 സാക്ഷികളെ പ്രതിഭാഗം വിസ്തരിച്ചു. കുറ്റക്കാരനെന്നു കണ്ടെത്തിയപ്പോള്‍ വികലാംഗനെന്ന പരിഗണന വേണമെന്നു പ്രതി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കവര്ച്ചാശ്രമത്തിനിടയിലാണ് ബൈക്കില്‍ കൈകുടുങ്ങി തമിഴ്നാട്ടില്‍ വെച്ച് ഇയാളുടെ കൈ നഷ്ടപ്പെട്ടതെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ കേസുമായി ബന്ധമില്ലെന്നുപറഞ്ഞ ഗോവിന്ദച്ചാമി കേരളം, തമിഴ്നാട് ഒഴികെ മറ്റേതു സംസ്ഥാനങ്ങളിലും ശിക്ഷ അനുഭവിക്കാന്‍ തയാറാണെന്നും കോടതിയെ അറിയിച്ചു.
ഫെബ്രുവരി ഒന്നിനു രാത്രിയാണ് എറണാകുളത്ത് നിന്നും ഷൊര്‍ണൂരിലേക്കു വരികയായിരുന്ന സൗമ്യയെ ഗോവിന്ദചാമി ട്രെയനില്‍ നിന്നും തള്ളിയിട്ടതെന്നും തുടര്‍ന്നു ഗുരുതരമായി പരുക്കേറ്റു കിടന്ന സൗമ്യയെ പ്രതി മാനഭംഗപ്പെടുത്തിയെന്നും ഇതേത്തുടര്‍ന്നു മരിക്കുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്. സംഭവം നടന്ന് കൃത്യം ഒന്‍പതു മാസങ്ങള്‍ക്കു ശേഷമാണ് കേസിന്റെ വിധി വന്നത്.
നാലു മാസം നീണ്ട സാക്ഷി വിസ്താരത്തിനും വാദത്തിനും ശേഷം അതിവേഗ കോടതി ജഡ്ജി കെ.രവീന്ദ്രബാബുവാണ് വിധി പ്രസ്താവിച്ചത്.തലയിലുണ്ടായ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ചേലക്കര സിഐ അന്വേഷിച്ച കേസില്‍ ജൂണ്‍ ആറിനാണ് സാക്ഷി വിസ്താരം തുടങ്ങിയത്. മുംബൈയില്‍ നിന്നെത്തിയ അഡ്വ.ബി.എ. ആളൂരാണ് ഗോവിന്ദചാമിയ്ക്കു വേണ്ടി വാദം നടത്തിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: