തൃശൂര്‍ : സൗമ്യ കൊലക്കേസില്‍ പ്രതിഭാഗത്തിന് അനുകൂലമാകുന്ന തരത്തില്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് അസോസിയേറ്റ് പ്രൊഫ. ഡോ.ഉന്മേഷ് നല്‍കിയത് കള്ളമൊഴിയാണെന്നും ഇതുസംബന്ധിച്ച് ഡോ.ഉന്മേഷിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും തൃശൂര്‍ അതിവേഗ കോടതി ജഡ്ജ് രവീന്ദ്രബാബു ഉത്തരവിട്ടു. ഡോ. ഉന്മേഷ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് നമ്പര്‍ 2 കോടതിപറഞ്ഞു. ഉന്മേഷിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിക്ക് ഉത്തരവും നല്കി.
ഏഴ് വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിതെന്ന് നിയമവിദഗ്ധര്‍ പറയുന്നു. സൗമ്യകൊലക്കേസില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ഷേര്‍ളി വാസുവല്ല പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നും താനാണെന്ന അവകാശവാദവുമായാണ് ഡോ.ഉന്മേഷ് കോടതിയില്‍ മൊഴി നല്‍കിയത്. ഡോ.ഷേര്‍ളി വാസു അന്ന് ഗ്ലൗസ് പോലും ധരിച്ചിരുന്നില്ലെന്നും ഡോ.ഉന്മേഷ് കോടതിയില്‍ പറഞ്ഞിരുന്നു. ഡോ. ഉന്മേഷിന്റെ മൊഴി ഡോ.ഷേര്‍ളി വാസുവിന്റെ മൊഴിക്ക് വിരുദ്ധമായിരുന്നു. കൊലപാതകത്തില്‍ പ്രതിയുടെ പങ്ക് വെളിവാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ സംബന്ധിച്ച് രണ്ട് ഡോക്ടര്‍മാര്‍ വ്യത്യസ്തമായ രീതിയില്‍ മൊഴിനല്‍കിയത് ഏറെ കോളിളക്കവും വിവാദവും സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു തരത്തിലുള്ള രേഖകളും ഹാജരാക്കാന്‍ ഡോ.ഉന്മേഷിന് സാധിച്ചില്ല. ഡോ. ഉന്മേഷിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയാണ് കോടതി ഇയാളെ വിളിച്ചുവരുത്തി വിസ്തരിച്ചത്. ഇയാള്‍ നല്കിയ രേഖകളിലെല്ലാം ഡോ.ഷേര്‍ളിവാസുവിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നായിരുന്നു ഉള്ളത്. സംഭവം വിവാദമായതോടെ ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലയാള വേദി സംസ്ഥാനപ്രസിഡന്റ് ജോര്‍ജ്ജ് വട്ടുകുളം അഡ്വ.സി.ടി.ജോഫി മുഖേന ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ഗോവിന്ദച്ചാമിയെ സഹായിക്കുന്ന തരത്തില്‍ ഉന്മേഷിന്റെ മൊഴിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
യുവജന സംഘടനകളും നാട്ടുകാരും ഉന്മേഷിന്റെ നടപടിക്കെതിരെ ശക്തമായി രംഗത്തുവന്നു. പ്രതിക്കെതിരെ ഇയാള്‍ രംഗത്ത് വന്നതിന്റെ ദുരൂഹത ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഉന്മേഷിനെതിരെ വകുപ്പുതലത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത്രയേറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ സര്‍ക്കാരിന്റെ ഉന്നത ഉത്തരവാദിത്വത്തില്‍ ഇരിക്കുന്ന ഒരാള്‍ പ്രതിഭാഗത്തിന് അനുകൂലമായി രംഗത്തുവന്നതിന് പിന്നില്‍ ചില ശക്തികളുണ്ടെന്നാണ് അറിയുന്നത്. ഗോവിന്ദച്ചാമിക്കുവേണ്ടി രംഗത്തുവന്ന അഭിഭാഷകന് ബിഎ ആളൂരിനെ മുംബൈയില്‍നിന്ന് ഇവിടെ എത്തിച്ചതിന് പിന്നില്‍ ഏതോ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. കേസിന്റെ തുടക്കത്തില്‍ താന്‍ സ്വമേധയാ കേസേറ്റെടുക്കയായിരുന്നെന്നും ഇതിന്റെ പിന്നില്‍ ആരും ഇല്ല എന്നും പറഞ്ഞിരുന്ന ഇയാള്‍ ഇന്നലെ കേസ് വാദിക്കുന്നതിന് താന്‍ പണം പറ്റിയതായും ഗോവിന്ദിച്ചാമിക്കു പിന്നില്‍ ആളുകളുണ്ടെന്നും പരസ്യമായി സമ്മതിച്ചിട്ടുണ്ട്.
ഇതിനിടെ ഗോവിന്ദച്ചാമിയുടെ ബാങ്കില്‍ പത്തുലക്ഷം രൂപയുടെ ഡെപ്പോസിറ്റും ഉണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതേക്കുറിച്ച് പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു. ഗോവിന്ദച്ചാമിക്കു പിന്നില്‍ ക്രിസ്ത്യന്‍ സംഘടനകളാണെന്ന ആരോപണവും ശക്തിപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ വീട്ടുകാരെ സ്വാധീനിച്ച് ഇയാളെ മോചിതനാക്കാന്‍ ചില ക്രിസ്ത്യന്‍ സംഘടനകള്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ആളൂരിനെതിരെയും ഡോ.ഉന്മേഷിനെതിരെയും വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തിപ്പെട്ടിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: