തിരുവനന്തപുരം: “മരിച്ചത് ആര്‍എസ്എസ് പിള്ളേരല്ലേ. അതില്‍ ഓനെന്താ കാര്യം ?” മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ ടി.എം.ജേക്കബിനോട് ചോദിച്ചതാണ്. പരുമല കോളേജിലെ മൂന്ന് എബിവിപി വിദ്യാര്‍ഥികളെ ആറ്റില്‍ കല്ലെറിഞ്ഞു കൊന്നതിനെ കുറിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് നായനാരുടെ ഈ ക്രൂര കമന്റ്.
1996 ജൂണ്‍ 17ന് മനുഷ്യമനസാക്ഷിയെ നടുക്കിയ പരുമല സംഭവം നടക്കുമ്പോള്‍ നിയമസഭ സമ്മേളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പരുമല ആറിന്റെ ചുറ്റുമുള്ള മൂന്നു മണ്ഡലങ്ങളുടെ പ്രതിനിധികള്‍ യുഡിഎഫുകാരായിരുന്നു. മാവേലിക്കരയില്‍ എം.മുരളി, തിരുവല്ലയില്‍ മാമ്മന്‍ മത്തായി, ചെങ്ങന്നൂരില്‍ ശോഭനാ ജോര്‍ജ്. എസ്.എഫ്.ഐയുടെ കാടത്തം തുറന്നു കാട്ടാവുന്ന സംഭവമായിരുന്നിട്ടും നിയമസഭയില്‍ വിഷയം കൊണ്ടുവന്നത് എറണാകുളം ജില്ലയിലെ എംഎല്‍എയായ ടി.എം.ജേക്കബായിരുന്നു. ആര്‍എസ്എസ് ബന്ധം എന്ന ആക്ഷേപം ഭയന്നു തന്നെയായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രശ്നം ഏറ്റെടുക്കാഞ്ഞത്. ടി.എം.ജേക്കബ് അടിയന്തര പ്രമേയമായി പരുമല സംഭവം നിയമസഭയില്‍ കൊണ്ടു വന്നു. മാത്രമല്ല സഭയുടെ തന്നെ മനസലിയിക്കുന്ന രീതിയില്‍ സംഭവം അവതരിപ്പിക്കുകയും ചെയ്തു. മറുപടിയായി മറ്റൊന്നും പറയാനില്ലാതിരുന്നപ്പോഴാണ് നായനാര്‍ മുകളില്‍ പറഞ്ഞ വാചകം ഓതിയത്.
രാഷ്ട്രീയ ലാഭമില്ലെങ്കിലും തനിക്ക് നേര് എന്നു തോന്നുന്ന കാര്യം എപ്പോഴും ആത്മാര്‍ത്ഥതയോടെ പറയാന്‍ തന്റേടം കാട്ടിയ ആളാണ് ടി.എം.ജേക്കബ്. മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ കാടത്ത രാഷ്ട്രീയത്തെ വിമര്ശിക്കേണ്ടിവരുമ്പോഴൊക്കെ യുവമോര്‍ച്ചാ നേതാവായിരുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ വിദ്യാര്‍ഥികളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവം ജേക്കബ് സൂചിപ്പിക്കാറുണ്ട്. ഇതിന്റെ പേരില്‍ ജേക്കബിനെ ആരും ആര്‍എസ്എസുകാരനെന്ന് പറഞ്ഞിട്ടില്ല.
ആര്‍എസ്എസിനും പരിവാര്‍ സംഘടനകള്‍ക്കും കേരളത്തില്‍ അയിത്തം കല്പിച്ചിരുന്ന സമയത്ത് ആര്‍എസ്എസുമായി ബന്ധപ്പെട്ട സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കുന്ന ആദ്യത്തെ സംസ്ഥാന മന്ത്രിയായിരുന്നു ജേക്കബ്. 1986ല്‍ ചങ്ങനാശ്ശേരിയില്‍ നടന്ന അമൃതഭാരതി ബിരുദ ദാന ചടങ്ങില്‍ മുഖ്യാതിഥി അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജേക്കബായിരുന്നു. പരിപാടിയുടെ കൃത്യസമയത്തു തന്നെ എത്തിയ ജേക്കബ് താന്‍ സമയനിഷ്ഠ പാലിക്കാന്‍ കാരണം പരിപാടി സംഘടിപ്പിക്കുന്നതിനു പിന്നിലെ സംഘടന ഏതെന്ന് അറിയാമെന്നതു കൊണ്ടാണെന്ന് പ്രസംഗത്തില്‍ വ്യക്തമാക്കുകയും ചെയ്തു.
കാല്‍നൂറ്റാണ്ടിലേറെ നിയമസഭയില്‍ അംഗം, നാലു തവണ മന്ത്രി എന്നതൊന്നുമല്ല ടി.എം.ജേക്കബിനെ കേരള രാഷ്ട്രീയത്തില്‍ പ്രത്യേക ഇടം നല്‍കുന്നത്. സമര്‍ഥനായ നിയമസഭാ സാമാജികന് എന്നതാണ് ജേക്കബിന്റെ വൈശിഷ്ട്യം. എന്നും യുഡിഎഫിന് ഒപ്പം നിന്നിട്ടുള്ള ജേക്കബിന് ഈ വിശേഷ പദവി നല്‍കിയത് സി.അച്യുതമേനോനായിരുന്നു. ആ സ്ഥാനത്തിന് താന്‍ അര്‍ഹനാണെന്ന് ആവര്‍ത്തിക്കുന്ന പെരുമാറ്റവും പ്രസംഗവും പ്രകടനവുമായിരുന്നു ഓരോ തവണയും ജേക്കബില്‍ നിന്നും നിയമസഭയില്‍ ഉണ്ടായത്. സഭയില്‍ ക്രമപ്രശ്നമോ ചട്ടങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങളോ വരുമ്പോള്‍ കക്ഷി ഭേദമെന്യേ നേതാക്കള്‍ ജേക്കബിനെ ചൂണ്ടി “എങ്കില്‍ ജേക്കബ് പറയട്ടെ” എന്നു പറയുന്നത് സ്ഥിരം കാഴ്ചയാണ്. രാഷ്ട്രീയ നിലപാടിനുപരി സഭയിലെ ചട്ടങ്ങളും ക്രമങ്ങളും നിഷ്പക്ഷമായി വിശദീകരിക്കാന്‍ ജേക്കബ് എന്നും ശ്രദ്ധിച്ചിട്ടുമുണ്ട്.
32-ാം വയസില്‍ മന്ത്രിയായ ജേക്കബ് ഭാവനയുള്ള ഭരണാധികാരി എന്ന നിലയിലും ശ്രദ്ധേയനാണ്. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പ്രീ-ഡിഗ്രിയെ കോളേജുകളില്‍ നിന്നും മാറ്റി പ്രത്യേക സംവിധാനം കൊണ്ടു വരുന്ന പ്രീ-ഡിഗ്രി ബോര്‍ഡ് നടപ്പാക്കാന്‍ ജേക്കബ് ശ്രമിച്ചത് ഏറെ വിവാദമായി. സംസ്ഥാനം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വിദ്യാഭ്യാസ പ്രക്ഷോഭത്തിനാണ് ഇത് വഴി വച്ചത്. രാഷ്ട്രീയ എതിര്‍പ്പു മൂലം പ്രീ-ഡിഗ്രി ബോര്‍ഡ് നിലവില്‍ വന്നില്ലെങ്കിലും എതിര്‍ത്തവര്‍ തന്നെ പ്ലസ്ടു എന്ന പേരില്‍ അത് നടപ്പാക്കിയപ്പോള്‍ ജയിച്ചത് ജേക്കബ് ആയിരുന്നു. ജേക്കബ് ജലസേചന മന്ത്രിയായിരുന്നപ്പോഴാണ് സംസ്ഥാനത്തിന് ജലനയം രൂപീകരിച്ചത്. മുല്ലപ്പെരിയാര്‍ വെള്ള പ്രശ്നം കേരളത്തിനനുകൂലമായി വരുന്നതിന്റെ തുടക്കക്കാരനും ജേക്കബ് തന്നെയായിരുന്നു. കോട്ടയത്ത് മഹാത്മാഗാന്ധി സര്‍വകലാശാല യാഥാര്‍ഥ്യമാക്കിയതിനും നെടുമ്പാശ്ശേരിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവളം ഉണ്ടാകുന്നതിനും മന്ത്രിയെന്ന നിലയില്‍ ജേക്കബ് നടത്തിയ ശ്രമങ്ങള്‍ കേരളം എക്കാലവും ഓര്‍ക്കുന്നവയാണ്.
ഇത്തവണ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായെങ്കിലും ഏതാനും ആഴ്ചകള്‍ മാത്രമേ അദ്ദേഹത്തിന് മന്ത്രി പദവി അക്ഷരാര്‍ഥത്തില്‍ വഹിക്കാനായുള്ളൂ. ചികിത്സയ്ക്കായി സ്വദേശത്തും വിദേശത്തുമുള്ള ആശുപത്രികളിലായിരുന്നു കൂടുതല്‍ കാലം. എങ്കിലും സര്‍ക്കാരിന്റെ നൂറു ദിന പരിപാടിയില്‍ പെടുത്തി രണ്ടു രൂപയ്ക്ക് അരി എന്നതും അപേക്ഷ നല്കിയാല് അന്നു തന്നെ റേഷന്‍ കാര്‍ഡ് എന്നതും യാഥാര്‍ഥ്യമാക്കാന്‍ ജേക്കബ് എന്ന ഭരണാധികാരിക്ക് കഴിഞ്ഞു.
സാംസ്കാരിക വകുപ്പിന് സാധ്യതയുണ്ടെന്നു തെളിയിച്ച മന്ത്രിയായിരുന്നു ജേക്കബ്. കേരളത്തിലെ സാംസ്കാരിക നായകന്മാരുടെ ഭവനങ്ങള്‍ പൊതു പൈതൃകമായി സംരക്ഷിക്കാന്‍ തുടക്കം കുറിച്ചത് ജേക്കബാണ്. തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള ചരിത്രബന്ധമുള്ള കെട്ടിടങ്ങള്‍ വില്‍ക്കാനുള്ള നീക്കം തടഞ്ഞതും മന്ത്രിയായിരുന്ന ജേക്കബാണ്. കോട്ടയ്ക്കകം പൈതൃക സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു കൊണ്ട് ചരിത്ര ബന്ധമുള്ള കെട്ടിടങ്ങള്‍ സര്‍ക്കാര്‍ വില നല്കി ഏറ്റെടുക്കുകയായിരുന്നു.
മികച്ച സംഘാടകന്‍, സമര്‍ഥനായ നിയമസഭാ സാമാജികന്, ഭാവനാ സമ്പന്നനായ ഭരണാധികാരി, മനുഷ്യസ്നേഹിയായ രാഷ്ട്രീയ പ്രവര്ത്തകന് എന്നീ നിലകളിലെല്ലാം കേരള നിയമസഭയ്ക്ക് മുതല്‍ക്കൂട്ടായിരുന്നു ടി.എം.ജേക്കബ്. നിയമസഭയിലെ സമീപകാല സംഭവങ്ങള്‍ കാണുമ്പോഴാണ് ജേക്കബിന്റെ വിടവ് എത്ര കനത്തതാണെന്ന് തിരിച്ചറിയുന്നത്.
പി.ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: