കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവും സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രിയുമായ ടി.എം. ജേക്കബ് അന്തരിച്ചു. അദ്ദേഹത്തിന് 61 വയസായിരുന്നു. ഉദരസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില ഇന്നലെ വഷളാവുകയും രാത്രി 10.30 ഓടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. ഉദരരോഗചികിത്സക്കായി രണ്ടുമാസംമുമ്പ് വിദേശത്ത് പോയ ജേക്കബ് തിരിച്ചെത്തി രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായിരുന്നു. രോഗം ഭേദപ്പെട്ടുവെന്ന് കരുതിയിരിക്കെയാണ് അദ്ദേഹത്തിന്റെ നില മോശമായതും കഴിഞ്ഞ 10 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.
നേരത്തെ എടുത്ത ഒരു കുത്തിവെപ്പിനിടെ ബാധിച്ച ഹെപ്പറ്റൈറ്റിസ്-ബി രോഗമാണ് ഒടുവില്‍ ജേക്കബിന്റെ ജീവന് കവര്‍ന്നത്. ആനി ജേക്കബാണ് ഭാര്യ. മകന് അനൂപ് ജേക്കബ്. സംസ്കാരം പിന്നീട്.
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ജേക്കബ് ഒന്‍പത്തവണ നിയമസഭയിലേക്ക് മത്സരിക്കുകയും എട്ടുതവണ വിജയിക്കുകയും ചെയ്തു. 1950 ല്‍ മാത്യു-അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ച ജേക്കബ് എറണാകുളം ജില്ലയിലെ പിറവം മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. മുന്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു. വിദ്യാഭ്യാസരംഗത്തെ ശ്രദ്ധേയമായ ഒട്ടേറെ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. കേരള നിയമസഭയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ നേതാവാണ്. ടി.എം. ജേക്കബ് കൊണ്ടുവന്ന പ്രീഡിഗ്രി ബോര്‍ഡ് എന്ന ആശയത്തിനെതിരെ സിപിഎം വന്‍ പ്രക്ഷോഭം തന്നെ അഴിച്ചുവിടുകയും പിന്നീട് അതേ ആശയം പ്ലസ് ടു എന്ന പേരില്‍ അവര്‍തന്നെ നടപ്പാക്കിയത് ജേക്കബിന്റെ മികച്ച നേട്ടമായി കണക്കാക്കപ്പെടുന്നു.
1977ലാണ് ജേക്കബ് ആദ്യമായി എം.എല്‍.എ ആകുന്നത്. 26-ാം വയസില്‍ നിയമസഭയില്‍ എത്തിയ വ്യക്തിയാണ് അദ്ദേഹം. 82-87 കാലയളവില്‍ കരുണാകരന് മന്ത്രിസഭയിലാണ് ആദ്യമായി അദ്ദേഹം മന്ത്രിയായത്. 2006 ല്‍ ആദ്യമായി തോറ്റു.
ജേക്കബിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. ബാബു തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനടക്കം പ്രമുഖ രാഷ്ട്രീയ-സാമൂഹ്യ, സാംസ്കാരിക നേതാക്കള്‍ അനുശോചിച്ചു.
കേരളാ കോണ്‍ഗ്രസ് രൂപീകൃതമായതുമുതല്‍ സജീവ പ്രവര്ത്തകന് ആയിരുന്നു. കേരളാ സ്റ്റുഡന്റ്സ് കോണ്‍ഗ്രസിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. 1982, 87 വര്‍ഷങ്ങളില്‍ വിദ്യാഭ്യാസമന്ത്രിയും 91,96 വര്‍ഷങ്ങളില്‍ ജലസേചനമന്ത്രിയും 2001ല്‍ ആന്റണിമന്ത്രിസഭയില്‍ വീണ്ടും ജലസേചനമന്ത്രിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സമര്‍ത്ഥനായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ജേക്കബിന്റെ മരണവിവരം അറിഞ്ഞ് പ്രത്യേക വിമാനത്തിലാണ് ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ എത്തിയത്.
ഇന്നലെ രാത്രി 11.30ന് പ്രത്യേക മന്ത്രിസഭാ യോഗവും ചേര്‍ന്നു. തന്നെ എല്പ്പിക്കുന്ന വകുപ്പിന്റെ ഭരണത്തിലും വിഷയങ്ങള്‍ കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്ന കാര്യത്തിലും ജേക്കബ് പുലര്‍ത്തിയിരുന്ന കൃത്യത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: