തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ഒരു തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്.ബാലകൃഷ്ണപിള്ള ജയില്‍ മോചിതനായേക്കും. കേരളപ്പിറവിയോടനുബന്ധിച്ചു വിട്ടയയ്ക്കപ്പെടുന്ന തടവുകാരുടെ പട്ടികയിലാണു പിളള ഇടം പിടിച്ചത്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പിളള നാളെ മോചിതനായേക്കും.
ജീവപര്യന്തം തടവുകാര്‍ക്ക് ഒരു വര്‍ഷം ഇളവും എട്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷയനുഭവിച്ചവര്‍ക്ക് ആറു മാസവും ഒരു വര്‍ഷം തടവിനു വിധിച്ചവര്‍ക്കു രണ്ടു മാസവും ഇളവു ലഭിക്കും. കൊലപാതകം, മയക്കുമരുന്ന് കേസ്, ബലാത്സംഗ കേസുകള്‍, വിദേശികള്‍ക്കു നേരെയുള്ള ആക്രമണം, തീവ്രവാദം, മതസംഘര്‍ഷം തുടങ്ങി ഏഴ് കേസുകളെ ഇളവുകളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അഴിമതി കേസ് സര്‍ക്കാര്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതാണ് ബാലകൃഷ്ണ പിള്ളയ്ക്ക് രണ്ടു മാസത്തെ ശിക്ഷാ ഇളവിന് അര്ഹതയുണ്ടാകാന് കാരണമായത്.
സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ നിന്നു 138 തടവുകാരാണു കേരളപ്പിറവിയോടനുബന്ധിച്ചു മോചിതരാകുന്നത്. ഇവര്‍ നാളെത്തന്നെ പുറത്തിറങ്ങുമെന്നാണു വിവരം. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ജയില്‍ വകുപ്പായിരിക്കും കൈക്കൊള്ളുക. അതേസമയം നക്സല്‍ വര്‍ഗീസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഐജി ലക്ഷ്മണയ്ക്കു ലിസ്റ്റില്‍ ഉള്‍പ്പെടാനായില്ല.
ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പിളളയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. പിന്നീടു ചികിത്സാര്‍ഥം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇതുവരെ പിള്ളയ്ക്ക് 75 ദിവസത്തെ പരോള്‍ ലഭിച്ചു കഴിഞ്ഞു. അപൂര്‍വ രോഗത്തിന്റെ പിടിയിലാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചതും ആശുപത്രിയിലായിരിക്കെ ഫോണ്‍ വിളിച്ചതും വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: