തൃശൂര്‍: സൗമ്യ വധക്കേസിലെ പ്രതി തമിഴ്നാട് സ്വദേശി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് തൃശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്രബാബു വിധിച്ചു. ഇയാള്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. കൊലപാതകം, സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ചു കയറി, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയിരുന്നു.
കോടതി കണ്ടെത്തിയ കുറ്റങ്ങള്‍ ഒരു പരിഭാഷക മുഖേനയാണ് ഗോവിന്ദച്ചാമിയെ അറിയിച്ചത്. താന്‍ വികലാംഗനാണെന്നും കോടതിയുടെ കാരുണ്യം വേണമെന്നും ഗോവിന്ദച്ചാമി കോടതിയോട് അപേക്ഷിച്ചു. ട്രെയിന്‍ യാത്രയ്ക്കിടെ ട്രാക്കിലേക്ക് തള്ളിയിട്ട് തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമി ക്രൂരമായി പീഡിപ്പിച്ച് മൃതപ്രായയാക്കിയ ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശി സൗമ്യ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍വച്ച് മരിച്ചുവെന്നാണ് കേസ്.
ജൂണ്‍ ആറിന് അതിവേഗ കോടതിയില്‍ ആരംഭിച്ച വിചാരണ ഒക്ടോബര്‍ 25നാണ് അവസാനിച്ചത്. ഫെബ്രുവരി ഒന്നിന് എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന സൗമ്യയെ വളളത്തോള്‍നഗര്‍ സ്റ്റേഷന് കഴിഞ്ഞപ്പോള്‍ പ്രതി ആക്രമിക്കുകയായിരുന്നു.
കേസില്‍ 360 സാക്ഷികളാണ് ഉള്ളത്. ഇതില്‍ 154 പേരുടെ മൊഴി രേഖപ്പെടുത്തി. അഞ്ചുമാസം നീണ്ടുനിന്ന വിചാരണ, സാക്ഷികളുടെ എണ്ണം, ഒരാള്‍ മാത്രമാണ് കേസിലെ പ്രതി എന്നത് ഉള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ സമാനതകളില്ലാത്ത ഒന്നായിട്ടാണ് സൗമ്യ കേസിനെ കാണുന്നത്. ജഡ്ജി രവീന്ദ്രബാബു സ്വന്തം കൈപ്പടയില്‍ നാലായിരത്തോളം പേജുകളിലായാണ് സാക്ഷിമൊഴി രേഖപ്പെടുത്തിയത്.
സി.ഡിയില്‍ മൂന്ന് വാള്യങ്ങളായി തയ്യാറാക്കിയ കേസ് ഡയറിയാണ് പോലീസ് നല്‍കിയത്. കോടതി പ്രതി ഗോവിന്ദച്ചാമിയോട് 427 ചോദ്യങ്ങള്‍ ചോദിച്ചു. 101 രേഖകളും 43 തൊണ്ടിമുതലും ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: