തിരുവനന്തപുരം: മന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തെത്തുടര്‍ന്ന് നിയമസഭ നടപടികളിലേയ്ക്ക് കടക്കാതെ പിരിഞ്ഞു. ഇന്നു രാവിലെ നിയമസഭ ചേര്‍ന്നയുടനെ മന്ത്രി ടി.എം.ജേക്കബിന്റെ മരണവാര്‍ത്ത സഭയെ സ്പീക്കര്‍ അറിയിച്ചു. ആദരാഞ്ജലി അര്‍പ്പിക്കാന്‍ അംഗങ്ങള്‍ക്ക് സൗകര്യം ലഭിക്കാനായി ഇന്നത്തേയും നാളത്തേയും സഭാനടപടികള്‍ മാറ്റിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. മറ്റന്നാള്‍ രാവിലെ ഒന്‍പത് മണിക്ക് സഭ വീണ്ടും ചേരും.
അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന് ഇന്നുരാവിലെ 11നും നാളെ രാവിലെ അഞ്ചുമണിക്കും വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു. രണ്ടാംതീയതി കാര്യോപദേശക സമിതി ചേര്‍ന്ന് സഭയുടെ പുതുക്കിയ പരിപാടികള്‍ നിശ്ചയിക്കും.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെ അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നാണ് മന്ത്രി ടി.എം.ജേക്കബിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് ഔപചാരിക അംഗീകാരം നല്‍കിയത്. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവരേണ്ടെന്ന തീരുമാനം കുടുംബാംഗങ്ങളുമായി ആലോചിച്ചശേഷം എടുത്തതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗത്തിനുശേഷം വാര്‍ത്തലേഖകരെ അറിയിച്ചു. എല്ലാകാര്യങ്ങളും തീരുമാനിക്കുന്നത് കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തതായി അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ നിന്ന് രാത്രി 12.15നാണ് വിമാനമാര്‍ഗ്ഗം മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. 12.25ഓടെ മുഖ്യമന്ത്രിയും മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.സി ജോസഫ്, പി.ജെ.ജോസഫ് എന്നിവരും ഒരുമിച്ച് സെക്രട്ടേറിയറ്റിലെത്തി. നോര്‍ത്ത് ബ്ലോക്കിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ അതിനുമുമ്പുതന്നെ മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വി.എസ് ശിവകുമാര്‍, അടൂര്‍ പ്രകാശ്, പി.കെ ജയലക്ഷ്മി എന്നിവര്‍ എത്തിയിരുന്നു. മുഖ്യമന്ത്രി എത്തി അല്പം കഴിഞ്ഞ് മന്ത്രി സി.എന്‍ ബാലകൃഷ്ണനും വന്നു. ചീഫ് സെക്രട്ടറിയും മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: