തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കുകയും അപമാനിക്കുകയും ചെയ്യുന്ന തരത്തില്‍ പ്രസ്താവന നടത്തിയ മന്ത്രി കെ.ബി.ഗണേശ്കുമാറിനും ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിനുമെതിരെ യു.ഡി.എഫില്‍ പടയൊരുക്കം. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനേയും എ.കെ.ബാലന് എം.എല്‍.എയും അപഹസിച്ച ഇരുവര്‍ക്കുമെതിരെ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. ഇരുവരും സര്‍ക്കാരിന് തലവേദനയാകുകയാണെന്നാണ് മിക്ക യുഡിഎഫ് എം.എല്‍.എമാരുടെയും അഭിപ്രായം.
പി.സി.ജോര്‍ജിനെ നിലക്ക് നിര്‍ത്തണമെന്നു തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നടിക്കുന്നു. ചീഫ്വിപ്പ് മുഖ്യമന്ത്രിക്ക് മീതേയല്ലെന്നും സര്‍ക്കാരിന്റെ അഭിപ്രായം പറയേണ്ട ബാധ്യത ജോര്ജിനല്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തന്നെ ഇരുവരെയും തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും പ്രസ്താവനകള്‍ അതിരുവിട്ടതായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഭരണവും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനത്തിനായി രൂപീകരിച്ചിട്ടുള്ള കെപിസിസിയുടെ സമിതി യോഗം ഇന്ന് ചേരുന്നുണ്ട്. ഇതിന് പുറമേ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് അനൗദ്യോഗികമായി യോഗം ചേര്‍ന്ന് ഈ വിഷയം ചര്‍ച്ച ചെയ്യും. ഇതെല്ലാം പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. മന്ത്രി കെ.ബി. ഗണേശ്കുമാറിന്റെയും ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെയും വഴിവിട്ട പരാമര്‍ശങ്ങളും അഭിപ്രായപ്രകടനങ്ങളും യു.ഡി.എഫ് ഗവണ്മെന്റിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വിഷയം ഗൗരവത്തോടെ എടുക്കുന്നത്. മുഖ്യമന്ത്രി മാപ്പുപറയേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചതില്‍ നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. പി.സി.ജോര്‍ജിന്റെ പല പ്രസ്താവനകളിലും യു.ഡി.എഫിലെ പല ഘടകകക്ഷികള്‍ക്കും അതൃപ്തിയും പ്രതിഷേധവുമുണ്ട്.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് എതിരെ മന്ത്രി ഗണേശ്കുമാര്‍ നടത്തിയ ‘കാമഭ്രാന്ത്’ പ്രയോഗം മുന്നണിക്കും സര്‍ക്കാരിനും ഉണ്ടാക്കിയ പേരുദോഷം ചെറുതല്ലെന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തല്‍. എ.കെ.ബാലനെ ജാതിപ്പേര് പറഞ്ഞ സംഭവത്തില്‍ പി.സി.ജോര്‍ജിനെതിരെ സിപിഎം നിയമനടപടികള്‍ സ്വീകരിച്ചാലുണ്ടാകാവുന്ന പ്രശ്നങ്ങള്‍ വേറെ. ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗം പി.സി.ജോര്‍ജിനെതിരെ നിയമനടപടി സംബന്ധിച്ച് തീരുമാനമെടുക്കും. ജോര്‍ജ്ജിന്റെ നിയമസഭാംഗത്വം റദ്ദാക്കാന്‍ തരത്തില്‍ ഗൗരവമുള്ളതാണ് അദ്ദേഹം നടത്തിയ പ്രസ്താവനയെന്നാണ് പൊതുവെ വിലയിരുത്തല്‍.
വി.എസിന്റെ മകന് അരുണ്‍കുമാറിനെതിരായ ആരോപണങ്ങള്‍ നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച് സിപിഎമ്മിനെയും ഇടതുമുന്നണിയെയും പ്രതിരോധത്തിലാക്കുന്നതില്‍ യുഡിഎഫിന് മുന്നേറ്റമുണ്ടായ അവസരത്തിലാണ് വലിയ തിരിച്ചടി നല്‍കിക്കൊണ്ട് വിവാദപ്രസംഗം ഉണ്ടായത്. വി.എസിനെതിരെ മന്ത്രി ഗണേഷ്കുമാര് പറഞ്ഞത് ഒട്ടും ശരിയായില്ലെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ആര്.ബാലകൃഷ്ണ പിള്ളയുടെ ആശുപത്രിവാസവും ഫോണ്വിളിയുമെല്ലാം യുഡിഎഫിനെയും കോണ്‍ഗ്രസ്സിനെയും കുഴക്കുന്ന പ്രശ്നങ്ങളായിരുന്നു. ബാലകൃഷ്ണപിള്ളയ്ക്കുവേണ്ടി സര്‍ക്കാര്‍ മുഴുവന്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ട അവസ്ഥയുണ്ടായി. അതിനുപുറമേയാണ് ഇപ്പോള്‍ ഗണേശ്കുമാരിന്റെ വിവാദപ്രസ്താവന വരുത്തി വച്ചിരിക്കുന്ന കുഴപ്പങ്ങള്‍.
ചീഫ് വിപ്പ് പി.സി.ജോര്‍ജ് പലപ്പോഴായി ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ചെറുതല്ല. നിയമസഭയ്ക്കുള്ളിലെ കയ്യാങ്കളിയെക്കുറിച്ച് പൊതുയോഗത്തില്‍ ജോര്‍ജ് നടത്തിയ വിവരണം വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ വഹേളിക്കുന്നതുമായി. ജോര്‍ജിന്റെ പ്രസ്താവനകള്‍ നേരത്തേ തന്നെ കോണ്‍ഗ്രസിനുള്ളില്‍ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ജോര്‍ജിനെതിരെ വാച്ച് ആന്റ് വാര്‍ഡ് രജനിയും സ്പീക്കര്‍ക്ക് പരാതി നല്കാന് തീരുമാനിച്ചിട്ടുണ്ട്.
ബുധനാഴ്ച യുഡിഎഫ് യോഗം ചേരുന്നുണ്ട്. ബോര്‍ഡ് കോര്പ്പറേഷന് വീതംവയ്പിനായി നേരത്തേ നിശ്ചയിച്ചതനുസരിച്ചാണ് യോഗമെങ്കിലും പി.സി.ജോര്‍ജിനും ഗണേഷ്കുമാറിനുമെതിരെ യോഗത്തില്‍ രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്നാണ് സൂചന.
ജോര്‍ജ്ജിനും ഗണേശിനുമെതിരെ സഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം ആളിക്കത്തിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഇന്ന് സഭയില്‍ ജോര്ജ്ജിനെതിരെയാകും പ്രതിപക്ഷത്തിന്റെ മുഖ്യ ആക്രമണം. എ.കെ.ബാലനെ ജാതിപ്പേരുവിളിച്ച് അപമാനിച്ച ജോര്‍ജ്ജിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. പ്രതിപക്ഷ നേതാവിനെ കാമഭ്രാന്തനെന്നു വിളിച്ച ഗണേശ് മാപ്പു പറഞ്ഞെങ്കിലും പ്രതിപക്ഷം അതില്‍ തൃപ്തരായിട്ടില്ല. നവംബര്‍ മൂന്നാം തീയതിവരെയാണ് സഭാസമ്മേളനം. അതുവരെ സഭയ്ക്കുള്ളില്‍ ശക്തമായി പ്രശ്നം ഉന്നയിക്കാനാകും ഇടതുമുന്നണിയുടെ ശ്രമം.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: