കൊച്ചി : വളരും തോറും പിളരുന്ന കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തന്ത്രശാലിയായ നേതാവായിരുന്നു ടി.എം ജേക്കബ്. ഐക്യകേരള കോണ്‍ഗ്രസിനുവേണ്ടി അദ്ദേഹം ഏറെ പരിശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. തുടര്‍ന്ന് സ്വന്തം പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ പതിപ്പിച്ചത്.
1977ലെ കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പില്‍ കെ.എം മാണിക്കൊപ്പം നിന്ന ടി.എം ജേക്കബ് 79ലെ മാണി – ജോസഫ് പിളര്‍പ്പില്‍ ജോസഫിനൊപ്പം നിന്നു. 1987ല്‍ കെ.എം മാണിക്കൊപ്പം തിരിച്ചുവന്ന് 91ല്‍ കരുണാകരന് മന്ത്രിസഭയില്‍ അംഗമായി. കെ.എം മാണിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 93ല്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി.
2001ലെ എ.കെ ആന്റണി മന്ത്രിസഭയിലെ അംഗമായിരുന്ന ടി.എം ജേക്കബിനെ പിന്നീട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല. തുടര്‍ന്ന് യു.ഡി.എഫ് വിട്ട ടി.എം ജേക്കബ് കെ.കരുണാകരന് ഡി.ഐ.സി(കെ) രൂപീകരിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നു. ഡി.ഐ.സി(കെ) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച 2006ലെ തെരഞ്ഞെടുപ്പിലാണ് ജേക്കബ് പരാജയമെന്തെന്ന് അറിഞ്ഞത്.
ഡി.ഐ.സി എന്‍.സി.പിയില്‍ ലയിച്ചപ്പോള്‍ തന്റെ പാര്‍ട്ടിയുമായി തിരിച്ചുവന്ന ടി.എം ജേക്കബിനെ മൂന്നു വര്‍ഷത്തെ പിണക്കത്തിനൊടുവില്‍ യു.ഡി.എഫ് സ്വീകരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ പിറവത്ത് നിന്നും നിസാര ഭൂരിപക്ഷത്തില്‍ ജയിച്ചു വന്ന ടി.എം ജേക്കബിനെ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് തന്നെ ഏല്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി തയാറായി.
വകുപ്പ് ഭരണത്തിലും പക്വമായ പെരുമാറ്റത്തിലും വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നതിലും എതിരാളികള്‍ പോലും സമ്മതിക്കുന്ന പ്രാവീണ്യമായിരുന്നു ടി.എം ജേക്കബിനുണ്ടായിരുന്നത്. വിദ്യാഭ്യാസ മന്ത്രിയായിരിക്കേ അദ്ദേഹം മുന്നോട്ടു വച്ച പ്രീഡിഗ്രി ബോര്‍ഡ് എന്ന ആശയം ഏറെ വിമര്‍ശിക്കപ്പെട്ടെങ്കിലും പിന്നീടത് പ്ലസ് ടുവിലൂടെ യാഥാര്‍ത്ഥ്യമാകുന്നതാണ് കേരളം കണ്ടത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ പൂര്‍ത്തീകരണത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക പ്രശംസ ലഭിച്ചത് ടി.എം ജേക്കബിനായിരുന്നു. ഒരു രൂപയ്ക്ക് അരി വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കിയതിനായിരുന്നു ആ അഭിനന്ദനം.
പരാജയമറിയാതെ തുടര്‍ച്ചയായി ഏഴ് തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം ജയിച്ചു വന്നു. 1982ല്‍ മുപ്പത്തിരണ്ടാം വയസില്‍ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ടി.എം ജേക്കബ് നാല് മന്ത്രിസഭകളില്‍ അംഗമായി. കേരളം കണ്ട മികച്ച സാമാജികരുടെ മുന്‍ നിരയില്‍ തന്നെയാണ് ടി.എം ജേക്കബിന്റെയും സ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: