കൊച്ചി: ജനചേതനയാത്രയുടെ എറണാകുളത്തെ പരിപാടിക്കുശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയെ കൊണ്ടുപോയ വാഹനത്തില്‍നിന്നും ഇന്ധനം ചോര്‍ന്നു. തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി. സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ സുരക്ഷാ സംവിധാനത്തിലാണ് വന്‍ വീഴ്ച സംഭവിച്ചത്.
ഇന്നലെ വൈകിട്ട് 3.30ഓടെ എറണാകുളം ബോള്‍ഗാട്ടി പാലസില്‍നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് അദ്വാനിയെ കൊണ്ടുപോയ പോലീസിന്റെ കെഎല്‍-7 എടി 2458 ടാറ്റാ സഫാരി ബുള്ളറ്റ്പ്രൂഫ് വാഹനത്തില്‍നിന്നാണ് ഇന്ധനം ചോര്‍ന്നത്. അദ്വാനിയെയും കൊണ്ടുള്ള ഈ വാഹനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേയില്‍ വിമാനത്തിന് തൊട്ടടുത്ത് എത്തിയപ്പോള്‍ സിയാല്‍ ഉദ്യോഗസ്ഥരാണ് ചോര്‍ച്ച കണ്ടെത്തിയത്. വാഹനത്തില്‍നിന്നും ചോര്‍ന്ന ഇന്ധനം റണ്‍വേയില്‍ പരന്ന് ഒഴുകി. ഉടനെ സിയാല്‍ ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗവും ചേര്‍ന്ന് വാഹനം റണ്‍വേയില്‍നിന്നും തള്ളിനീക്കുകയും ചോര്‍ന്ന ഇന്ധനം തുടച്ചുകളയുകയും ചെയ്തു.
ഇന്ധനം ഒഴുകി വിമാനത്തിന്റെ എഞ്ചിന്റെയടുത്തേക്ക് എത്തിയിരുന്നെങ്കില്‍ വന്‍ ദുരന്തംതന്നെ സംഭവിക്കുമായിരുന്നു. ഇതിനകം എല്‍.കെ.അദ്വാനി സുരക്ഷിതമായി പ്രത്യേക വിമാനത്തില്‍ യാത്ര തിരിച്ചു. ബുള്ളറ്റ്പ്രൂഫ് വാഹനത്തിന്റെ എഞ്ചിനും തകരാറിലായിരുന്നുവെന്നും അറിയുന്നു. ഇതിനിടെ ഇന്ധനം ചോര്‍ന്ന വാഹനം നെടുമ്പാശ്ശേരി പോലീസ്സ്റ്റേഷനിലേക്ക് മാറ്റി. വാഹനത്തിന്റെ ഇന്ധനട്യൂബിന് ലീക്കുണ്ടായിരുന്നു. ഇന്ന് മെക്കാനിക്കിനെ കൊണ്ടുവന്ന് വാഹനം നന്നാക്കി കൊണ്ടുപോകുമെന്ന് പോലീസ് പറയുന്നു.
എന്നാല്‍ ഏത് സാഹചര്യത്തിലാണ് ഈ വാഹനം അദ്വാനിക്കായി തയ്യാറാക്കിയതെന്നും ഇത് മനഃപൂര്വമായിരുന്നുവോയെന്നും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. കേന്ദ്ര രഹസ്യാന്വേഷണവിഭാഗം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അന്വേഷണത്തിനായി ദല്‍ഹിയില്‍നിന്നും പ്രത്യേകസംഘം എത്തുമെന്നും സൂചനയുണ്ട്. അദ്വാനിയുടെ ജനചേതനയാത്രാ വേളയില്‍ തമിഴ്നാട്ടില്‍ വച്ച് അപായപ്പെടുത്തുവാന്‍ റോഡില്‍ കുഴിച്ചിട്ടിരുന്ന ബോംബ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ അദ്വാനിക്കായി നല്കിയ വാഹനം ബുള്ളറ്റ്പ്രൂഫ് ആയിരുന്നില്ലെന്നും സൂചനയുണ്ട്. പോലീസിന്റെ രഹസ്യാന്വേഷണവിഭാഗമാണ് വാഹനം തയ്യാറാക്കിയിരുന്നത്. ഒരു അംബാസഡര്‍ കാറും ഇതോടൊപ്പമുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ടാറ്റാ സഫാരിയിലായിരുന്നു അദ്വാനി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്തത്.
എയര്‍പോര്‍ട്ടിലേക്കുള്ള മടക്കയാത്രയില്‍ എല്‍.കെ. അദ്വാനി സഞ്ചരിച്ചിരുന്ന വാഹനം വിമാനത്താവളത്തില്‍വെച്ച് നിന്നുപോയത് ഗുരുതരമായ സുരക്ഷാപാളിച്ചയാണെന്ന് ബിജെപി വ്യക്തമാക്കി. വാഹനത്തിന് ഇന്ധനചോര്ച്ചയുണ്ടായി എന്നതുള്‍പ്പെടെ ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അദ്വാനിയുടെ സുരക്ഷയുടെ പേരില്‍ അനാവശ്യമായ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിന്റെ വാഹനം പോലും തടഞ്ഞു. പല നേതാക്കളെയും കടത്തിവിടാന്‍ തയ്യാറായില്ല. സുരക്ഷാക്രമീകരണങ്ങളില്‍ ഏകോപനമുണ്ടായില്ല. സുരക്ഷയുടെ പേരില്‍ വിലക്കുകളേര്പ്പെടുത്തിയവര്തന്നെ സുരക്ഷാ പാളിച്ചയുടെ പേരില്‍ പ്രതികളായിരിക്കുന്നു. മുഖ്യമന്ത്രി ഇതേക്കുറിച്ച് അന്വേഷിക്കണം. അടിയന്തരമായി ജില്ലാ ഓഫീസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി.ജെ. തോമസും ജനറല്‍ സെക്രട്ടറി എം.എന്‍. മധുവും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: