ന്യൂദല്‍ഹി: സ്പെക്ട്രം അഴിമതി സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ വീണ്ടും ഹാജരാകാന്‍ ഒരുക്കമാണെന്ന് കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് വ്യക്തമാക്കി.
ജെപിസി ആവശ്യപ്പെട്ടിട്ടുള്ള രേഖകളെല്ലാം സമര്‍പ്പിക്കാന്‍ എല്ലാ ശ്രമങ്ങളും തന്റെ ഓഫീസ് നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റായിയും സിഎജിയിലെ മറ്റു ചില ഉദ്യോഗസ്ഥരും കഴിഞ്ഞ മെയ് 30ന് ജെപിസി മുമ്പാകെ ഹാജരായി സ്പെക്ട്രം ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദീകരണം നല്‍കിയിരുന്നു.
ഇതിനിടെ, സ്പെക്ട്രം തട്ടിപ്പ് മൂലം രാജ്യത്തിനുണ്ടായ നഷ്ടം 1.76 ലക്ഷം കോടിയാണെന്ന നിഗമനത്തില്‍ എത്തിയതെങ്ങനെയെന്ന് വിശദീകരിക്കാന്‍ റായിയും ഡെപ്യൂട്ടി സിഎജി രേഖ ഗുപ്തയും ഇന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി മുമ്പാകെ ഹാജരാകും. മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഓഡിറ്റ് (പോസ്റ്റ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍സ്) ആര്.പി.സിംഗിനോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2ജി സ്പെക്ട്രം ഇടപാട് ഓഡിറ്റ് ചെയ്ത ഇദ്ദേഹം നഷ്ടത്തിന്റെ കണക്ക് 2,645കോടി രൂപ മാത്രമാണെന്ന് അവകാശപ്പെട്ടിരുന്നു.
ധനകാര്യസെക്രട്ടറി ആര്.എസ്.ഗുജറാളും സാമ്പത്തികകാര്യ സെക്രട്ടറി ആര്.ഗോപാലനും ഇന്ന് ജെപിസി മുമ്പാകെ ഹാജരായി വിശദീകരണം നല്‍കും. 2ജി പ്രശ്നവുമായി ബന്ധപ്പെട്ട് തങ്ങളുടെ പക്കലുള്ള എല്ലാ വിവരങ്ങളും കൈമാറാനും ഇതു സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാനും ആവശ്യപ്പെട്ട് ടെലികോം വകുപ്പ്, കാബിനറ്റ് സെക്രട്ടറിയേറ്റ്, ധന, നിയമ, കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയങ്ങള്‍, ആസൂത്രണകമ്മീഷന്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവയ്ക്ക് കത്തെഴുതാനും ജെപിസി തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: