പള്ളുരുത്തി: പെരുമ്പടപ്പില്‍ കഴിഞ്ഞ 8ന് നടന്ന പെട്രോള്‍ ബോംബാക്രമണക്കേസിലെ നാലുപ്രതികളെ പോലീസ് പിടികൂടി. പെരുമ്പടപ്പ് സ്വദേശികളായ മഠത്തില്‍ വീട്ടില്‍ അരവിന്ദാക്ഷന് മകന് റെനീഷ് (25) കണ്ണിക്കാട്ട് പുതിയ നിര്കര്ത്തില് ധീരജ് (22) കളരിക്കല്‍ വീട്ടില്‍ എപ്പൂസ് എന്നു വിളിക്കുന്ന ഫെബിന് (21) കൊല്ലം പറമ്പില്‍ ബോബന് (33) എന്നിവരാണ് അറസ്റ്റിലായത്. ഈ കേസില്‍ ഗൂഢാലോചനയില്‍ പങ്കാളിയായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഗുണ്ടാനേതാവ് കോവളം സാജന് വധശ്രമക്കേസില്‍ ഉള്‍പ്പെട്ട് ജയിലിലാണ്. അരമുറില് ഉണ്ണിയുടെ വീടിനു നേരെയാണ് പ്രതികള്‍ ആക്രമണം നടത്തിയത്. ഉണ്ണിയുമായി മുന്‍ വൈരാഗ്യമുണ്ടായ സാജന് അനുയായികളെ നിയോഗിച്ച് കൃത്യം നടത്തുകയായിരുന്നുവെന്ന് പള്ളുരുത്തി സിഐ ഫ്രാന്‍സീസ് ഷെല്‍ബി പറഞ്ഞു.
പെരുമ്പടപ്പ് എം.എ.മാത്യു റോഡില്‍ നടന്ന ഒരു വിവാഹ സല്‍ക്കാരവേളയിലാണ് കൃത്യം നടത്തുന്നതിനുവേണ്ടി പദ്ധതി തയ്യാറാക്കിയത്. കേസിലെ പ്രതിയായ അപ്പൂസിന്റെ ബൈക്കിലെത്തിയ സംഘം ഉണ്ണിയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ ആദ്യം എറിഞ്ഞുടച്ച് വീട്ടുകാരെ ഉണര്‍ത്തി കതക് തുറക്കുന്ന സമയം മദ്യകുപ്പിയില്‍ പെട്രോള്‍ നിറച്ച് കത്തിച്ച് എറിയുകയായിരുന്നു. തലനാരിഴക്കാണ് ഉണ്ണിയുടെ ജീവന് രക്ഷപ്പെട്ടത്. പള്ളുതുത്തിയിലെ ഒരു പമ്പില്‍ നിന്നും അമ്പതുരൂപയ്ക്ക് വാങ്ങിയ പെട്രോളാണ് പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ചത്. സംഭവത്തിന്റെ തലേന്ന് കോവളം പ്രദേശത്തെ ഒരു ഒഴിഞ്ഞ വീട്ടില്‍ പ്രതികള്‍ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയതായും പോലീസ് പറഞ്ഞു. പിടിക്കപ്പെട്ട പ്രതികള്‍ സാജന്റെ ഉറ്റ അനുയായികളായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പെരുമ്പടപ്പിലെ അക്രമികളേയും, പലിശസംഘങ്ങളേയും ഒതുക്കാന്‍ പോലീസ് ഊര്‍ജ്ജിത ശ്രമം നടത്തുന്നുണ്ടെന്നും സിഐ പറഞ്ഞു. പ്രതികളെ അറസ്റ്റുചെയ്ത സംഘത്തില്‍ എസ്ഐ എസ്.രാജേഷ്, പോലീസുകാരായ സൈജന്, കുഞ്ഞികൃഷ്ണന്, മുസ്തഫ, സൈജു എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: