ഗ്രേറ്റര്‍നോയിഡ: ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്റ് പ്രീയില്‍ റെഡ്ബുള്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ ജേതാവായി. മക്‌ലാരന്റെ ജന്‍സന്‍ ബട്ടണ്‍ രണ്ടാം സ്ഥാനവും ഫെരാരിയുടെ ഫെര്‍ണാണ്ടോ അലോന്‍സോ മൂന്നാം സ്ഥാനവും നേടി. ഇന്ത്യയുടെ നരേന്‍ കാര്‍ത്തികേയന്‍ പതിനേഴാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തു.
ഒരു മണിക്കൂര്‍ 30 മിനിട്ട് 35 സെക്കന്‍ഡ് കൊണ്ടാണ് ജര്‍മന്‍കാരനായ വെറ്റല്‍ ചാംപ്യനായത്. പൊള്‍ പൊസിഷനില്‍ മത്സരം തുടങ്ങിയ വെറ്റലിന്റെ ഈ സീസണിലെ പതിനൊന്നാം കിരീടമാണിത്. സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് റേസിനു സമാപനം കുറിച്ചുകൊണ്ട് ചെക്കേഡ് ഫ്‌ളാഗ് വീശിയത്.
മത്സരത്തിന്റെ എല്ലാ ലാപ്പിലും വെറ്റല്‍ ശക്തമായ ആധിപത്യം പുലര്‍ത്തി. ആദ്യ ലാപ്പ് പൂര്‍ത്തിയായപ്പോള്‍ 1.3 സെക്കന്‍റിന്റെ മുന്‍തൂക്കം വെറ്റലിനു ലഭിച്ചു. ഗ്രിഡില്‍ നാലാം സ്ഥാനത്തായിരുന്ന ജെന്‍സണ്‍ ബട്ടണ്‍ രണ്ടാം സ്ഥാനത്തേക്കു കുതിച്ചെത്തി. തുടര്‍ന്ന് ഇരുവരും മത്സരം അവസാനിക്കുന്നതു വരെ തിളക്കമാര്‍ന്ന മുന്നേറ്റം നിലനിര്‍ത്തി. ജെന്‍സണ്‍ ബട്ടണ്‍ 10,11,12 എന്നീ ലാപ്പുകള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയെങ്കിലും വെറ്റലിനെ മറികടക്കാന്‍ സാധിച്ചില്ല.
ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള താരനിരയും ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് സര്‍ക്യൂട്ടിലെ വേഗപ്പൂരത്തിനു സാക്ഷികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: