കഡപ്പ: സ്വാമി രാഘവേന്ദ്രതീര്ത്ഥ അറസ്റ്റിലായി. ഗൗഡസാരസ്വത ബ്രാഹ്മണ സഭയുടെ വിഗ്രഹങ്ങള്‍ സ്വാമി അന്യായമായി കൈവശം വച്ചിരിക്കുന്നുവെന്ന കേസിലാണ് അറസ്റ്റ്. ആന്ധ്രാപ്രദേശിലെ കഡപ്പയില്‍ നിന്നുമാണ് സ്വാമിയെ അററ്റ് ചെയ്തത്.
സ്വാമിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കേരള പോലീസ് ആന്ധ്രയിലേക്ക് തിരിച്ചിട്ടുണ്ട്. നാളെ ഇദ്ദേഹത്തെ നാളെ കൊച്ചിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. വിഗ്രഹങ്ങള്‍ തിരികെ നല്‍കണമെന്ന കോടതി ഉത്തരവ് അനുസരിക്കാതെ ഒളിവില്‍ കഴിയുന്നതിനെതിരെ കേരള പോലീസ് ആക്ട് പ്രകാരം കൊച്ചിയില്‍ രാഘവേന്ദ്ര തീര്‍ത്ഥയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഗൗഡ സാരസ്വത ബ്രാഹ്മണ സഭയിലെ അടുത്ത മഠാധിപതിയായി നിശ്ചയിച്ചിരുന്നത് സ്വാമി രാഘവേന്ദ്ര തീര്ത്ഥയെയായിരുന്നു. എന്നാല്‍ രാഘവേന്ദ്ര തീര്‍ത്ഥയുടെ ചില വഴിവിട്ട തീരുമാനങ്ങള്‍ കാരണം അദ്ദേഹത്തെ മഠാധിപതി സ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ സഭ തീരുമാനം എടുത്തിരുന്നു. ഈ സമയം സഭയുടെ അമൂല്യവിഗ്രഹങ്ങള്‍ രാഘവേന്ദ്ര തീര്‍ത്ഥയുടെ കൈവശമായിരുന്നു. ഇവ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഗൗഡസാരസ്വത സഭ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിഗ്രഹങ്ങള്‍ വിട്ടുകൊടുക്കാന്‍ രാഘവേന്ദ്ര തീര്‍ത്ഥ തയാറായിരുന്നില്ല.
കാശിമഠത്തിന് അവകാശപ്പെട്ട അമൂല്യവിഗ്രഹങ്ങളും സ്ഥാവര, ജംഗമവസ്തുക്കളും വീണ്ടെടുക്കുന്നതിന് ബ്രാഹ്മണ സഭയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നിരുന്നു. കഴിഞ്ഞ ദിവസം ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഒരു സ്വകാര്യ അന്യായം വരുകയും രാഘവേന്ദ്ര തീര്‍ത്ഥയോട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം കോടതിയില്‍ നേരിട്ട് ഹാജരായിരുന്നില്ല. ഈ കേസില്‍ കോടതി വാറണ്ട് പുറപ്പെടുവിക്കാനിരിക്കേയാണ് രാഘവേന്ദ്ര തീര്‍ത്ഥ അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: