ന്യൂദല്‍ഹി: ദൃശ്യമാധ്യമങ്ങളെയും പ്രസ് കൗണ്‍സിലിന് കീഴില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രസ് കൗണ്‍സില്‍ ചെയര്മാന് മാര്‍ക്കണ്ഡേയ കട്ജു പ്രധാനമന്ത്രിക്ക് കത്തെഴുതി. പ്രസ് കൗണ്‍സില്‍ എന്ന പേരു മാറ്റി മീഡിയ കൗണ്‍സില്‍ എന്നാക്കണമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തതായും ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
താന്‍ അയച്ച കത്തിന് കിട്ടിയെന്നും കത്തിലെ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെന്നും പ്രധാനമന്ത്രി മറുപടി നല്‍കിയതായും കട്ജു പറഞ്ഞു. ഈ വിഷയം സംബന്ധിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജുമായി സംസാരിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
മാധ്യമ ധര്‍മ്മങ്ങളെ കാറ്റില്‍പ്പറത്തിയുള്ള പ്രവര്‍ത്തനം നടത്തുന്ന ചാനലുകളില്‍ നിന്ന് പിഴ ഈടാക്കുകയോ, നിശ്ചിത കാലയളവിലേക്ക് സസ്പെന്റ് ചെയ്യുകയോ വേണമെന്നും കട്ജു നിര്‍ദ്ദേശിച്ചു. മാധ്യമങ്ങള്‍ ജനതാല്പര്യം അനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടിയ കട്ജു ചില സമയത്ത് ചാനലുകള്‍ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് തോന്നാറുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: