ബീജിംഗ്: മധ്യ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 29 തൊഴിലാളികള്‍ മരിച്ചു. ആറു തൊഴിലാളികളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഖനിയില്‍ കുടുങ്ങിയ ഒരാളെ രക്ഷിക്കാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. ഹ്യുമാന്‍ പ്രവിശ്യയിലെ ഹെന്ഗ്യാംഗ് നഗരത്തിലെ സിയാല്യുചോങ്ങ് ഖനിയിലാണ് സ്ഫോടനമുണ്ടായത്.
വാതകചോര്‍ച്ചയാണ് അപകടത്തിനിടയാക്കിയതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. വാതക ചോര്‍ച്ചമൂലം മൂന്നു ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. അന്ന് ഏഴ് പേര് കൊല്ലപ്പെടുകയും 11 പേരെ കാണാതാവുകയും ചെയ്തിരുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ ഖനി അപകട മരണങ്ങള് ഉണ്ടാകുന്നിടമാണ് ചൈന. രാജ്യത്തെ വ്യവസായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഊര്ജ്ജോല്പാദനത്തിനായി മുഖ്യമായും ചൈന ആശ്രയിക്കുന്നത് ഖനികളെയാണ്. ഇതേസമയം അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഖനികളും ഇവിടെ എണ്ണമറ്റതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: