ന്യൂദല്‍ഹി: കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി), മുഖ്യ വിജിലന്‍സ് കമ്മീഷന് (സി.വി.സി) എന്നിവയില്‍ അഴിച്ചുപണി വേണമെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി അന്വേഷിക്കുന്ന ശുംഘ്ലു കമ്മിറ്റി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
സി.എ.ജിയെ മൂന്ന് അംഗങ്ങളുള്ള സംവിധാനമാക്കണമെന്നും പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് അയച്ച കത്തില്‍ മുന്‍ സി.എ.ജി കൂടിയായ വി.കെ.ശുംഘ്ലു ചൂണ്ടിക്കാട്ടുന്നു. ഇതിലെ ഒരംഗത്തിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റില്‍ കുറയാത്ത യോഗ്യത ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണിത്.
സി.എ.ജിയുടെ അക്കൗണ്ടുകള്‍ കൃത്യമായി ഓഡിറ്റു ചെയ്ത് സൂക്ഷിക്കുന്നതിന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഒരു ഉദ്യോഗസ്ഥനെ നിയമിക്കണം. ഈ ഉദ്യോഗസ്ഥന് തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ വകുപ്പ്തല സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ക്ക് അയയ്ക്കുകയും അത് ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും വേണമെന്നും കമ്മീഷന് പറയുന്നു.
മുഖ്യ വിജിലന്‍സ് കമ്മീഷന്റെ ചീഫ് ടെക്നിക്കല്‍ എക്സാമിനേഷന് വിംഗിന് സ്വയംഭരണാവകാശം നല്‍കണമെന്ന സുപ്രധാന നിര്‍ദ്ദേശവും കമ്മിറ്റി മുന്നോട്ട് വച്ചിട്ടുണ്ട്. ഇതിലൂടെ പ്രൊഫഷണിലിസം കൂടുതലായി കൊണ്ട് വരാനാകുമെന്നും കമ്മിറ്റി കരുതുന്നു. ഇതോടൊപ്പം ദല്‍ഹി വികസന അതോറിറ്റിക്ക് മാത്രമായി കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ കീഴില്‍ ഒരു ഓംബുഡ്സമാനെ നിയമിക്കണമെന്നും ശുപാര്‍ശയുണ്ട്.
ടൂ ജി സ്പെക്ട്രം ലേലം നടത്തിയതുമായി ബന്ധപ്പെട്ട് നഷ്ടം കണക്കാക്കിയതില്‍ സി.എ.ജിക്ക് തെറ്റുപറ്റിയെന്ന വിമര്‍ശനം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്നെ ഉയര്‍ന്ന സാഹചര്യത്തില്‍ കമ്മീഷന്റെ ശുപാര്‍ശ ഏറെ ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: