പെര്‍ത്ത്: പെര്‍ത്തില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ അംഗരാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നതിനായി കമ്മിഷണറെ നിയമിക്കുന്നതിനുള്ള ശ്രമം പരാജയപ്പെട്ടു. അംഗങ്ങളില്‍ ചിലരുടെ എതിര്‍പ്പാണ് കമ്മിഷണറുടെ നിയമനത്തിന് തടസമായതെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗിലാര്‍ഡ് അറിയിച്ചു.
അംഗരാജ്യങ്ങളിലെ മനുഷ്യാവകാശം, ജനാധിപത്യം, നിയമവാഴ്ച എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു കമ്മിഷണറെ നിയമിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ ഏതൊക്കെ രാജ്യങ്ങളാണ് എതിര്‍പ്പ് പ്രകടിപ്പിച്ചതെന്നു വ്യക്തമല്ല. അംഗരാജ്യങ്ങള്‍ക്കായി മൂല്യരേഖ പുറത്തിറക്കും. ഇക്കാര്യത്തില്‍ അടുത്തവര്‍ഷം അന്തിമ തീരുമാനമെടുക്കും.
അംഗരാജ്യങ്ങളുടെ അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും രേഖയെന്ന് കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറല്‍ കമലേഷ് ശര്‍മ പറഞ്ഞു. ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള പെര്‍ത്ത് പ്രഖ്യാപനം പുറത്തിറക്കി. മൂന്നു ദിവസത്തെ ഉച്ചകോടിയില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: