ഗാസിയാബാദ്: അഴിമതിക്കെതിരെ ശക്തമായ ലോക്പാലിനുവേണ്ടി നിലകൊള്ളുന്ന ടീം ഹസാരെയെ തകര്‍ക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ നീക്കം വിഫലമാവുന്നു.
സാമ്പത്തിക ക്രമക്കേടുകള്‍ അടക്കമുള്ള ദുരാരോപണങ്ങള്‍ ഉന്നയിച്ച് ഹസാരെ സംഘത്തിലെ അംഗങ്ങളെ വിഘടിപ്പിക്കാന്‍ നടക്കുന്ന നീക്കങ്ങളില്‍ അകപ്പെടില്ലെന്ന് ഇവിടെ ചേര്‍ന്ന ടീം ഹസാരെ കോര്‍ കമ്മറ്റി യോഗം വ്യക്തമാക്കി. പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് അണ്ണാഹസാരെ നയിക്കുന്ന അഴിമതി വിരുദ്ധ പ്രസ്ഥാനത്തില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ടീം ഹസാരെയിലെ പ്രമുഖ അംഗമായ അരവിന്ദ് കേജ്രിവാള് നടത്തുന്ന സര്‍ക്കാരിതര സംഘടനയിലേക്ക് ആരുമറിയാതെ വഴിമാറ്റിയെന്ന ആരോപണം യോഗം തള്ളി. അണ്ണാ ഹസാരെയുടെ തന്നെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യോഗം വ്യക്തമാക്കി. ഹിസാര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരായ ഹസാരെ സംഘത്തിന്റെ നീക്കത്തില്‍ വിറളിപിടിച്ചാണ് കോണ്‍ഗ്രസ് തങ്ങള്‍ക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നതെന്നും കോര്‍ കമ്മറ്റിയില്‍ വിലയിരുത്തപ്പെട്ടു. കോര്‍ കമ്മറ്റി പിരിച്ചുവിടണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതായി യോഗത്തിനുശേഷം അരവിന്ദ് കേജ്രിവാള് വാര്‍ത്തലേഖകരോട് പറഞ്ഞു.
അഴിമതി വിരുദ്ധ പ്രസ്ഥാനത്തില്‍ കോര്‍ കമ്മറ്റി അംഗങ്ങള്‍ക്കൊപ്പം ലക്ഷക്കണക്കിന് വോളന്റിയര്‍മാരും നിര്‍ണായക മുന്നേറ്റങ്ങള്‍ നടത്തിയിട്ടുള്ളതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ കുപ്രചരണങ്ങളില്‍ അകപ്പെട്ട് കമ്മറ്റി പിരിച്ചുവിടേണ്ടതില്ലെന്ന നിലപാടിലാണ് യോഗം എത്തിയത്. അഴിമതി വിരുദ്ധ പ്രസ്ഥാനത്തെ കരിതേച്ച് കാണിച്ച് ജനശ്രദ്ധ തിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ലെന്നും സര്‍ക്കാരിന് ചുട്ടമറുപടി കൊടുക്കുമെന്നും യോഗം ഐകകണ്ഠേന പാസ്സാക്കിയ പ്രമേയം മുന്നറിയിപ്പുനല്‍കി. കോര്‍ കമ്മറ്റി ശക്തിപ്പെടുത്താനും പുനഃസംഘടിപ്പിക്കാനുമുള്ള അവസരം എപ്പോഴുമുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അതിന്റെ ആവശ്യമില്ലെന്ന് കേജ്രിവാളും മറ്റൊരു അംഗമായ പ്രശാന്ത്ഭൂഷണും പറഞ്ഞു.
ജന്മദേശമായ റാലെഗാവ് സിദ്ധിയില്‍ അനിശ്ചിതകാല മൗനവ്രതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അണ്ണാ ഹസാരെ കോര്‍ കമ്മറ്റിയില്‍ പങ്കെടുത്തില്ല. മറ്റ് പ്രധാനപ്പെട്ട അംഗങ്ങളായ ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ, മേധാപട്കര്‍, വിന്‍സന്റ് കണസെസ്സോ എന്നിവരും മറ്റുതിരക്കുകള്‍ കാരണം എത്തിയില്ല. കേജ്രിവാളിനും പ്രശാന്ത്ഭൂഷണും പുറമെ കിരണ്‍ ബേദി, ശാന്തിഭൂഷണ്‍, മനീഷ് സിസോദിയ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടത്തു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ ജന്‍ലോക്പാല്‍ ബില്‍ പാസ്സാക്കിയില്ലെങ്കില്‍ അടുത്ത വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തറപറ്റിക്കുമെന്ന് ടീം ഹസാരെ ആവര്‍ത്തിച്ച് മുന്നറിയിപ്പുനല്‍കി. കോര്‍ കമ്മറ്റി അംഗങ്ങളെ താറടിച്ചുകാണിക്കാന്‍ യുപിഎ സര്‍ക്കാര്‍ കോടികളുടെ പൊതുപണമാണ് ഒഴുക്കുന്നതെന്ന് കേജ്രിവാള് ആരോപിച്ചു. ജന്‍ലോക്പാല്‍ ബില്ലില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ നടത്തുന്ന കുത്സിത നീക്കങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ നടന്ന കോര്‍ കമ്മറ്റിയുടെ യോഗതീരുമാനങ്ങള്‍ ഹസാരെയെ അറിയിക്കാന്‍ ഭൂഷണും കേജ്രിവാളും റാലെഗാവ് സിദ്ധിയിലേക്ക് പോയി.
ഹസാരെ നയിക്കുന്ന അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന് സംഭാവനയായി കിട്ടിയ 80 ലക്ഷം രൂപ കേജ്രിവാളിന്റെ സംഘടനക്ക് കൈമാറിയെന്ന ആരോപണം സ്വാമി അഗ്നിവേശാണ് ഉന്നയിച്ചത്. റാലെഗാവ് സിദ്ധിയില്‍ ചേര്‍ന്ന യോഗത്തില്‍ അണ്ണാഹസാരെ തന്നെയാണ് ഈ തീരുമാനമെടുത്തതെന്നും ചെക്കുകള്‍ അദ്ദേഹം നടത്തുന്ന പിസിആര്എഫിന്റെ അക്കൗണ്ടിലേക്കാണ് മാറ്റുന്നതെന്നും കേജ്രിവാള് ചൂണ്ടിക്കാട്ടി. എല്ലാ ചെലവുകള്‍ക്കും കൃത്യമായ കണക്കുകളുണ്ടെന്നും അവയെല്ലാം വെബ്സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: