കൊട്ടാരക്കര: ഭാരതത്തിലെ ആറുലക്ഷം ഗ്രാമങ്ങളെ ഉദ്ധരിക്കാന്‍ സ്വിസ് ബാങ്കിലുള്ള കള്ളപ്പണം വീണ്ടെടുത്താല്‍ സാധിക്കുമെന്ന് ബിജെപി നേതാവ് എല്‍.കെ.അദ്വാനി പറഞ്ഞു. 25 ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണ് ഇന്ത്യാക്കാരായിട്ടുള്ളവര് സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഇത് തിരികെ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ട്. അമേരിക്ക, ജര്‍മനി, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങള്‍ കള്ളപ്പണം തിരികെ കൊണ്ടു വരുന്നതിനായി നിയമങ്ങള്‍ നിര്‍മിച്ചു. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ വരെ ഇതിനായി രംഗത്തുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുറം തിരിഞ്ഞ് നില്ക്കുന്നു. ജനം ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. അഴിമതിക്കെതിരായുള്ള തന്റെ യാത്രയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ജനപിന്തുണ അതിന്റെ തെളിവാണെന്ന് കൊട്ടാരക്കരയിലെ സ്വീകരണ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
200 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണം ഭാരതത്തില്‍ നിന്ന് കടത്തിയത് ഒരു ലക്ഷം കോടി രൂപ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിലൂടെ സ്വിസ് ബാങ്കിലേക്ക് കടത്തിയത് 25 ലക്ഷം കോടി രൂപയാണ്. ടുജി സ്പെക്ട്രം എന്ന ഒറ്റ അഴിമതിയിലൂടെ തന്നെ 1.76 ലക്ഷം കോടി രൂപയാണ് രാജ്യത്തിന് നഷ്ടപ്പെട്ടത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ വലയുന്ന രാജ്യത്തെ രക്ഷിക്കുന്നതിന് കള്ളപ്പണം പുറത്തു കൊണ്ടു വരണം. അതിനായി ധവള പത്രം ഇറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തു നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ അഴിമതിക്കെല്ലാം ഉത്തരവാദി ഘടകകക്ഷികളാണെന്ന രീതിയില്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുകയാണ്. ഘടകകക്ഷികളെ കരുവാക്കി തടിയൂരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഉന്നതന്മാരെ രക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. അഴിമതി വെളിച്ചത്തു കൊണ്ടു വരുന്നതിന് ശ്രമിക്കുന്നവരെ തുറുങ്കിലടയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുമായുള്ള ആണവക്കരാര്‍ പ്രശ്നത്തില്‍ ന്യൂനപക്ഷമായ സര്‍ക്കാരിനെ ഭൂരിപക്ഷമാക്കാന്‍ മന്‍മോഹന്‍സിംഗ് നടത്തിയ എംപിമാരെ വിലയ്ക്കുവാങ്ങല്‍ രാജ്യം കണ്ടതാണ്. 19 എംപിമാരെയാണ് കോണ്‍ഗ്രസ് വിലയ്ക്കു വാങ്ങിയത്. എംപിമാരെ സ്വാധീനിക്കാന്‍ എത്ര കോടി വേണമെങ്കിലും കൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ഏടുകളാണ് ഈ അഴിമതിയിലൂടെ ലോകം കണ്ടത്. എംപിമാരെ വിലയ്ക്കെടുക്കുന്ന കോണ്‍ഗ്രസ് പദ്ധതിയില്‍ രണ്ട് ബിജെപി എംപിമാരെ പാട്ടിലാക്കാനും ശ്രമിച്ചു. പട്ടികജാതിയിലും പട്ടികവര്‍ഗത്തിലും പെട്ട അവര്‍ ജനാധിപത്യത്തെ വിലയ്ക്ക് വാങ്ങുന്ന നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് നല്കിയ പണം പാര്‍ലമെന്റില്‍ കൊണ്ടു വന്നത്. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ തന്റെ അറിവോടെയാണ് അവര്‍ ഇക്കാര്യങ്ങള്‍ ചെയ്തത്. എംപിമാരെ വിലയ്ക്കെടുക്കുന്ന ജനാധിപത്യത്തിന് കളങ്കമേല്‍പ്പിക്കുന്ന അഴിമതിയെ പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചവരെ ജയിലിലാക്കിയത് നിന്ദ്യമായ നടപടിയാണ്. ഈ സംഭവം തന്നെ ഏറെ വികാരാധീനനാക്കിയെന്ന് അദ്വാനി ചൂണ്ടിക്കാട്ടി. അഴിമതി പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കുന്നവരെ പരിരക്ഷിക്കുന്നതിനായി രാജ്യത്ത് നിയമനിര്‍മാണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സദ്ഭരണമാണ് ജനാധിപത്യത്തിന്റെ കാതല്‍. അത് രാജ്യത്ത് ഇല്ലാതായി. ബ്രിട്ടീഷ് ഭരണം കഴിഞ്ഞപ്പോള്‍ നാട് രക്ഷപ്പെടുമെന്ന് കരുതി. ലോകശക്തിയായി മാറേണ്ട ഭാരതത്തിന്റെ ഗതികേടിന് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ഉത്തരവാദി. രാജ്യത്തിന് ഉജ്ജ്വലമായ ഭാവിയുണ്ട്. സദ്ഭരണത്തിലൂടെ മാത്രമേ അത് സാധിക്കു. നിരവധി ആളുകളുടെ ജീവന്റെ വിലയാണ് നാമനുഭവിക്കുന്ന സ്വാതന്ത്ര്യം. 21-ാം നൂറ്റാണ്ടില്‍ ഭാരതം ലോകത്ത് അനിഷേധ്യ ശക്തിയാകുമെന്ന ലക്ഷ്യം കൈവരിക്കുവാന്‍ സദ്ഭരണം മാത്രമാണ് പോംവഴിയെന്ന് അദ്വാനി പറഞ്ഞു.
ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് വയയ്ക്കല്‍ മധു അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറിമാരായ അനന്തകുമാര്‍, രവിശങ്കര്‍ പ്രസാദ്, സെക്രട്ടറിമാരായ പി. മുരളീധര്‍ റാവു, ശ്യാംരാജ്, ഒ.രാജഗോപാല്‍, പ്രതിഭാ അദ്വാനി, മണിശങ്കര്‍, സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, എ.എന്‍.രാധാകൃഷ്ണന്, കെ.പി.ശ്രീശന്, കെ.എസ്.രാജന്, സ്വാഗതസംഘം ചെയര്മാന് സുധീര്‍, മധു പരുമല, പി.കെ.വേലായുധന് തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍ക്കാരിന്റെ അഴിമതിയാണ് വിലക്കയറ്റമടക്കമുള്ള ദുരിതങ്ങളിലൂടെ ജനജീവിതം ദുസ്സഹമാക്കുന്നതെന്ന് ജനചേതനയാത്രക്ക് പന്തളത്ത് നല്കിയ സ്വീകരണത്തില്‍ അദ്വാനി പറഞ്ഞു. ഒരുകാലത്ത് ലോകരാജ്യങ്ങള്‍ക്ക് മാതൃകയായിരുന്ന ഭാരതത്തിന്റെ പ്രതിച്ഛായ ഇന്ന് കളങ്കപ്പെട്ടിരിക്കുന്നു.
അഴിമതിക്കാരുടെ നാടെന്ന കളങ്കം വന്നിരിക്കുന്നു. ഈ നാട് അഴിമതിക്കാരുടേതല്ല, ഉന്നത മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നവരുടെ നാടാണ് ഭാരതമെന്ന് പറയാനാണ് ജനചേതനായാത്ര ലക്ഷ്യമിടുന്നത്. ഇവിടുത്തെ ചില സര്‍ക്കാരുകള്‍ അഴിമതിക്കാരായേക്കാം. എന്നാല്‍ അത് നാടിന്റെ പൊതുസ്വഭാവമല്ല. 1998 മാര്‍ച്ചില്‍ അധികാരത്തിലേറിയ വാജ്പേയി സര്‍ക്കാര്‍ രണ്ടുമാസത്തിനകം ഭാരതത്തെ ആണവ ശക്തിയായി ഉയര്‍ത്തി. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ പ്രധാനമന്ത്രി വാജ്പേയി ധനമന്ത്രിയടക്കമുള്ളവരോട് പറഞ്ഞത് ഭാരതത്തിന്റെ പശ്ചാത്തലവികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ്. ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് അന്താരാഷ്ട്ര നിലവാരമുള്ള റോഡുകള്‍ രാജ്യത്തെമ്പാടും നിര്‍മ്മിക്കാനായി. ഇത്തരത്തില്‍ ഭാരതത്തെ ലോകത്തിന്റെ മുമ്പില്‍ മാതൃകാരാജ്യമായി മാറ്റാന്‍ ബി.ജെ.പിയ്ക്ക് കഴിഞ്ഞു.
ഭാരതത്തിലെ ജനങ്ങള്‍ രാമഭക്തരോടൊപ്പം രാഷ്ട്രഭക്തരുമാണ് എന്നു തെളിയിക്കുന്നതാണ് 1992 ലെ രഥയാത്രയ്ക്ക് ലഭിച്ചതുപോലെ 2011 ലെ ജനചേതനായാത്രയ്ക്കും ലഭിക്കുന്ന ഉജ്ജ്വല വരവേല്പ്പുകളെന്നും അദ്ദേഹം പറഞ്ഞു. പന്തളത്തെ വേദിയിലെത്തിയ എല്‍.കെ.അദ്വാനിയെ ജില്ലാ പ്രസിഡന്റ് വി.എന്‍.ഉണ്ണിയടക്കമുള്ള നേതാക്കള്‍ ഹാരമണിയിച്ചും ആറന്മുള കണ്ണാടി നല്‍കിയും സ്വീകരിച്ചു. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിമാരായ അനന്തകുമാര്‍, രവിശങ്കര്‍പ്രസാദ്, ദേശിയ സെക്രട്ടറിമാരായ മുരളീധര്‍ റാവു, വി.സതീഷ്, ശ്യാംരാജ്, സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, വൈസ് പ്രസിഡന്റ് കെ.ആര്.പ്രതാപചന്ദ്രവര്‍മ്മ, വക്താവ് അഡ്വ.ജോര്‍ജ്ജ് കുര്യന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, കെ.സുരേന്ദ്രന്, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന പ്രചരണ വിഭാഗം കണ്‍വീനര്‍ അഡ്വ.നാരായണന് നമ്പൂതിരി, മേഖലാ പ്രസിഡന്റ് എ.ജി.ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: