കോട്ടയം: വിദേശത്തുനിക്ഷേപിച്ചിരിക്കുന്നത് 25ലക്ഷംകോടിരൂപയുടെ കള്ളപ്പണമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി പറഞ്ഞു. രാഷ്ട്രത്തെ അഴിമതിവിമുക്തമാക്കുക, കള്ളപ്പണം കണ്ടെത്തി തിരികെയെത്തിക്കുക എന്നീ ലക്ഷ്യവുമായാണ് ജനചേതനായാത്ര നടത്തുന്നതെന്നും കോട്ടയം തിരുനക്കര മൈതാനത്തു നടന്ന പരിപാടിയില്‍ എല്‍.കെ.അദ്വാനി പറഞ്ഞു. ഇന്ത്യയില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന അഴിമതിക്കഥകള്‍ ലോകത്തിനു മുന്നില്‍ രാജ്യത്തിന് വലിയ അവമതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ അഴിമതികള്‍ രാജ്യത്തും വിദേശങ്ങളിലും താമസിക്കുന്ന ഇന്ത്യാക്കാരുടെ മനോവീര്യത്തെ തകര്‍ത്തിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ന്യൂദല്‍ഹി പണമുണ്ടാക്കാനുള്ളവരുടെ കേന്ദ്രമായി അധഃപതിച്ചിരിക്കുന്നു. അഴിമതിയില്‍ നിന്നും രാജ്യത്തെ മുക്തമാക്കാന്‍ കഴിവുള്ള ജനവിഭാഗം ഉണരണം, അദ്ദേഹം തുടര്‍ന്നു.
വലിയൊരു വിഭാഗം ജനങ്ങളും പാവപ്പെട്ടവരായി തുടരുന്ന ഇന്ത്യയില്‍ ആവശ്യത്തിലധികം വിഭവശേഷിയാണുള്ളത്. എന്നാല്‍ അഴിമതിക്കാര്‍ വിദേശത്തേക്ക് കടത്തിയ കള്ളപ്പണം ഇവിടെ തിരിച്ചെത്തേണ്ടത് പ്രധാനമാണ്. ബിജെപിയുടെ ആവശ്യപ്രകാരം പ്രൊഫ. വൈദ്യനാഥന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് 25ലക്ഷം കോടിരൂപയുടെ കള്ളപ്പണമാണ് സ്വിറ്റ്സര്‍ലന്റിലെ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നതെന്നാണ്. (2ജി സ്പെക്ട്രം കേസില്‍ 1.76ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടന്നത്. മന്ത്രിമാരുള്‍പ്പെടെ നിരവധി പേരാണ് ഈ കേസില്‍ ജയിലില്‍ കഴിയുന്നത്. എന്നാല്‍ കേസുമായി ബന്ധമുള്ള പല മുതിര്‍ന്ന കോണ്‍ഗ്രസ് മന്ത്രിമാരും അറസ്റ്റിലാകാനുണ്ട്. 2ജി സ്പെക്ട്രം കേസില്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പങ്കിനേപ്പറ്റി സുപ്രീംകോടതിയുടെ നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കള്ളപ്പണം കണ്ടെത്തി രാജ്യത്തെ ആറ് ലക്ഷം ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി ഉപയോഗിക്കാന്‍ കഴിയണം. ഗ്രാമങ്ങളിലെ വൈദ്യുതീകരണം, കുടിവെള്ളവിതരണം, കാര്‍ഷിക മേഖലയുടെ വികസനം, വിദ്യാഭ്യാസം, ആശുപത്രികള്‍, റോഡുകള്‍ എന്നിവയെല്ലാം ഈ തുക ഉപയോഗിച്ച് സാദ്ധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ നേതാക്കളായ രവിശങ്കര്‍പ്രസാദ്, അനന്ത്കുമാര്‍, മുരളീധര്‍ റാവു, ശ്യാംരാജു, സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, ദേശീയ സമിതിയംഗം സി.കെ.പദ്മനാഭന്, ജനറല്‍ സെക്രട്ടറിമാരായ കെ.പി.ശ്രീശന്, എ.എന്‍.രാധാകൃഷ്ണന്, വൈസ്പ്രസിഡന്റുമാരായ പി.എം.വേലായുധന്, കെ.ആര്.പ്രതാപചന്ദ്രവര്‍മ്മ എന്നിവര്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: