കോട്ടയം: നാക്ക് നിയന്ത്രിച്ചില്ലെങ്കില്‍ ഭരണമുന്നണിയുടെ കാര്യം പോക്കാണെന്ന് ബിജെപി ദേശീയ സമിതിയംഗം സി.കെ.പത്മനാഭന് പറഞ്ഞു.
സംസ്ഥാനത്തെ ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ സര്‍ക്കാരും പ്രതിപക്ഷവും അനാവശ്യവിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്‍.കെ.അദ്വാനി നയിക്കുന്ന ജനചേതനായാത്രയ്ക്കു നല്കിയ സ്വീകരണസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വി.എസ്.അച്യുതാനന്ദനെ കാമഭ്രാന്തനെന്നു വിളിച്ച മന്ത്രി ഗണേശ്കുമാറിന്റെ നടപടി തെറ്റാണ്. മന്ത്രിമാര്‍ അച്ചടക്കം പാലിച്ചുകൊണ്ടുവേണം പ്രസംഗിക്കേണ്ടത്. ഒരുത്തനെ ജയിലിലടച്ചു എന്ന തരത്തില്‍ ബാലകൃഷ്ണപിളളയെപ്പറ്റി വി.എസ്.തുടര്‍ച്ചയായി പറയുന്നതും ശരിയല്ല. കക്ഷിമന്ത്രിമാരെ ഉമ്മന്‍ചാണ്ടി സൂക്ഷിക്കണമെന്നും ഇവരുടെ പ്രവര്‍ത്തികള്‍ കൊണ്ട് ദോഷം ഉമ്മന്‍ചാണ്ടിക്കാണെന്നും അദ്ദേഹം പറഞ്ഞു. ഊണുകഴിക്കാന്‍ പോലും സമയം ലഭിക്കാതെ ഉമ്മന്‍ചാണ്ടി മാപ്പുപറഞ്ഞുകൊണ്ടിരിക്കേണ്ടിവരുമെന്നും സികെപി പറഞ്ഞു.
പ്രതിപക്ഷനേതാവായ വി.എസ്.അച്യുതാനന്ദന് വ്യവഹാരിയുടെ നിലവാരത്തിലേക്ക് താഴുകയാണ്. നിയമസഭയില്‍ ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തുന്നതിനു പകരം മനഃപൂര്‍വ്വം സൃഷ്ടിക്കുന്ന വിവാദങ്ങള്‍ക്കു പിന്നാലെയാണ് ഇരുമുന്നണികളും. ഇത് സംസ്ഥാനത്തിന്റെ വികസനത്തെ കാര്യമായി ബാധിക്കും.
അഴിമതിയുടെ പെരുമഴക്കാലമാണ് യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്തുണ്ടായിരിക്കുന്നത്. ഒരു ഡസനിലധികം അഴിമതിക്കഥകളാണ് 2010 ല്‍ പുറത്തുവന്നത്. പൊതുജനങ്ങളുടെ പണം കൊളളയടിക്കുന്നവരുടെ ഭരണമാണ് കേന്ദ്രത്തില്‍ നടക്കുന്നത്.
രാഷ്ട്രത്തെ തകര്‍ക്കാന്‍ അച്ചാരം പറ്റുന്ന ചാരനായ ദ്വിഗ്വിജയ് സിംഗിനെപ്പോലെയുള്ളവരാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. ജനം മുഴുവന്‍ എതിരായി മാറിയിട്ടും കോണ്‍ഗ്രസ് നേതാക്കളുടെ തലയില്‍ വെളിച്ചം കയറുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: