തിരുവനന്തപുരം: അഴിമതിയാരോപണങ്ങളില്‍ നിന്ന് സഖ്യകക്ഷികളെ കുറ്റം പറഞ്ഞ് കോണ്‍ഗ്രസിന് രക്ഷപെടാനാവില്ലെന്നു മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി. അഴിമതിക്ക് പിന്തുണ നല്കിയ കോണ്‍ഗ്രസുകാരായ കേന്ദ്ര മന്ത്രിമാരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്നും അദ്വാനി ആവശ്യപ്പെട്ടു.
ജനചേതനായാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയ അദ്വാനി തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഒന്നടങ്കം അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ്. അഴിമതിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായ നടപടിയെടുത്തില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള അഴിമതിക്കഥകളാണ് ഒന്നിനു പുറകെ ഒന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയിലെ ഒരംഗം അഴിമതിക്കേസില്‍ ജയിലിലായി. യു.പി.എയിലെ പല നേതാക്കളും ജയിലിലായി കഴിഞ്ഞു. നാളെ ആരെല്ലാം ജയിലിലാവുവെന്ന് കാത്തിരുന്ന് കാണാമെന്നും അദ്വാനി പറഞ്ഞു.
കള്ളപ്പണം തിരികെ കൊണ്ടുവന്ന് രാജ്യപുരോഗതി സാധ്യമാക്കണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി ആവശ്യപ്പെട്ടു. ലോകം മുഴുവന്‍ ഇന്ത്യയുടെ സാമ്പത്തിക പുരോഗതി ഉറ്റുനോക്കുന്ന അവസരത്തിലാണ് കള്ളപ്പണം തിരിച്ചടിയാകുന്നത്. 25 ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണ് ഇന്ത്യയില്‍ നിന്നു മറ്റു രാജ്യങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതു തിരികെ കൊണ്ടുവന്നാല്‍ ഇന്ത്യയിലെ ആറു ലക്ഷം ഗ്രാമങ്ങളില്‍ വൈദ്യുതിയും കുടിവെള്ളവും നല്ല റോഡുകളും എത്തിക്കാനും കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കാനും സാധിക്കും. അതിനു കേന്ദ്രസര്‍ക്കാര്‍ മടിക്കുന്നതെന്തിനെന്ന് അദ്വാനി ചോദിച്ചു.
സാമ്പത്തിക വിദഗ്ദ്ധനായ പ്രധാനമന്ത്രി ഭരിക്കുമ്പോള്‍ രാജ്യത്ത് വിലക്കയറ്റവും കര്‍ഷക ആത്മഹത്യയും കൂടുകയാണ്. കഴിഞ്ഞ എട്ടു വര്‍ഷത്തിനുളളില്‍ രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുകയാണ്. തെലുങ്കാന പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിന്റെ കഴിവുകേടാണെന്നും അദ്വാനി പറഞ്ഞു. ജമ്മു കാശ്മീരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കരുതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കശ്മീരില്‍ ശത്രുക്കള്‍ക്കെതിരേ സൈന്യം നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
പ്രത്യേക നിയമം എടുത്തുമാറ്റുന്നതു സേനയെ ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കും. അതിനാല്‍ കശ്മീരില്‍ ഇത് എടുത്തുമാറ്റേണ്ടതില്ല. എന്നാല്‍ മണിപ്പൂരിന്റെ കാര്യത്തില്‍ ചര്‍ച്ചയാകാം. വിവരാവകാശ നിയമം പുനരവലോകനം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമത്തില്‍ പുനരാലോചന വേണമെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് അറിയിച്ചിരുന്നു. നിയമത്തിന് എന്തെങ്കിലും പ്രശ്നമുള്ളതായി കാണുന്നില്ല. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി പി. ചിദംബരവും ധനമന്ത്രി പ്രണബ് മുഖര്‍ജിയും തമ്മിലുള്ള ശീതസമരങ്ങളാണ് ഇത്തരത്തില്‍ പറയാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതെന്നു കരുതുന്നു.
ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ലക്ഷംകോടി വിലമതിക്കുന്ന സ്വത്തുക്കള്‍ സൂക്ഷിച്ച തിരുവിതാംകൂര്‍ രാജകുടുംബം ഉയര്‍ന്ന ധാര്‍മ്മിക മൂല്യമുള്ളവരാണെന്നും അദ്വാനി പറഞ്ഞു. ജനചേതനാ യാത്ര പോകുന്ന വഴിയില്‍ ബോംബ് വച്ചവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബോംബ് കണ്ടെടുത്ത തമിഴ്നാട് പോലീസിനെ അദ്ദേഹം അഭിനന്ദിച്ചു. മധുരയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ തിരുമംഗലത്തെ ഒരു പാലത്തിനടിയല്‍ ഒളിപ്പിച്ചു വച്ച നിലയില്‍ അഞ്ച് പൈപ്പ് ബോംബുകളാണ് കണ്ടെടുത്തത്.
തന്റെ ആറാമത്തെ രഥയാത്രയാണിതെന്നും കഴിഞ്ഞ അഞ്ച് യാത്രകളില്‍ ഉണ്ടായതിനെക്കാള്‍ കൂടുതല്‍ ജനപിന്തുണ ഇതിനുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. തമിഴ്നാട്ടിലും കേരളത്തിലും യാത്രയ്ക്ക് കിട്ടിയ സ്വീകരണത്തില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്വാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: