തിരുവനന്തപുരം: പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അണികളുടെയും ആവേശത്തിനു മുന്നില്‍ എന്റെ നാവിന് വന്ന പിഴവാണെന്നും മുത്തച്ഛന്റെ പ്രായം വരുന്ന ആളിനെക്കുറിച്ച് അങ്ങനെയൊരു പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി കെ.ബി. ഗണേശ്കുമാര്‍. നിയമസഭ പിരിഞ്ഞശേഷം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ ഖേദപ്രകടനം. വി.എസ് അച്യുതാനന്ദന്റെ പ്രായത്തെ മാനിച്ചുകൊണ്ട് ആ വാക്കുകള്‍ ഞാന്‍ പിന്‍വലിക്കുന്നു, നിര്‍വ്യാജമായി ഖേദം പ്രകടിപ്പിക്കുന്നു.. എന്റെ വാക്കുകളില്‍ ഉണ്ടായ തെറ്റാണിത്. സര്‍ക്കാരിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടിക്കും സഭാനാഥനായ സ്പീക്കര്‍ക്കും എന്റെ വാക്കുകള്‍ കൊണ്ട് തലവേദനയുണ്ടാകരുത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാകരുത്. അതുകൊണ്ട് എന്റെ വീഴ്ച ഞാന്‍ സമ്മതിക്കുന്നു. എല്ലാവരും പൊറുക്കണം. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല ഞാനിത് പറയുന്നത്. സഭയില്‍ ഇത് പറയാന്‍ തയ്യാറായിരുന്നു.
കുറേ നാളായി വി.എസ്.അച്യുതാനന്ദന് പകയോടെ എന്റെ അച്ഛനെയും എന്നെയും കുടുംബത്തെയും വേട്ടയാടുന്നു. ഒരു തെറ്റും ചെയ്യാത്ത എന്റെ പിതാവിനെ അദ്ദേഹം തുറങ്കലിലടച്ചു എന്ന് അഹങ്കാരത്തോടെ പറഞ്ഞു. അദ്ദേഹം ഉപയോഗിക്കുന്ന പദപ്രയോഗങ്ങള്‍ ഒരു മകനെന്ന നിലയില്‍ ഞാന്‍ കുറേ നാളായി സഹിക്കുന്നു. ഇന്നലെ വരെ ഞാന്‍ കൈയുംകെട്ടി നിശബ്ദനായി എല്ലാം കേട്ടുകൊണ്ട് ഇരുന്നു. ജയിലില്‍ കഴിയുന്ന പിതാവിനെതിരെ മ്ലേച്ഛമായ പദപ്രയോഗമാണ് നടത്തുന്നത്. ഞാനൊരു മരക്കഷണമല്ല, എനിക്കൊരു അച്ഛനുണ്ടെന്ന് പറഞ്ഞ് കുറച്ചുനാള്‍ മുമ്പ് ഒരാള്‍ പൊട്ടിക്കരഞ്ഞില്ലേ..
കുറേ നാളായി അടക്കിവച്ച വികാരം ജനങ്ങളുടെ മുന്നില്‍ പുറത്തുവന്നതാണ്. ഒരു തെറ്റു പറ്റിയാല്‍ തിരുത്താന്‍ കഴിയുന്നവനാണ് പൊതുപ്രവര്ത്തകന്. എനിക്ക് ഒരു ഈഗോയും ഇല്ല. എന്റെ അപ്പൂപ്പന്റെ പ്രായമുണ്ട് വി.എസിന്. അതുകൊണ്ട് ക്ഷമിച്ചു എന്നു പറയുന്നതില്‍ ഒരു തെറ്റുമില്ല.
എന്നാല്‍ പ്രതിപക്ഷനേതാവിനെതിരെ അപഹാസ്യവും നിന്ദ്യവുമായ വാക്കുകളാണ് മന്ത്രി പ്രയോഗിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന് കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ നിലപാടാണോ ഇതെന്ന് അറിയണമെന്നും ഇത്തരത്തിലുള്ളവരെക്കൊണ്ട് മന്ത്രിസഭയ്ക്ക് മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാപ്പുപറഞ്ഞതുകൊണ്ട് കാര്യമില്ല, ഗണേശനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം, കൊടിയേരി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: