ന്യൂദല്‍ഹി: ബിനാമി ഇടപാടുവഴി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധി ചെന്നൈയില്‍ ഭൂമി അനുവദിച്ചതിനെക്കുറിച്ച് സുപ്രീംകോടതി തമിഴ്നാട് സര്‍ക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് ബാലകൃഷ്ണന്റെ അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തതിന്റെ വിശദാംശങ്ങള്‍ തേടുന്ന അപേക്ഷയില്‍ മറുപടി സമര്‍പ്പിക്കാന്‍ കേരള സര്‍ക്കാരിനോടും സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായ ജസ്റ്റിസ് ബാലകൃഷ്ണന് സമാഹരിച്ച അനധികൃത സ്വത്തുക്കളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ പൊതുതാല്പര്യഹര്ജി നല്കിയ അഭിഭാഷകന് സമര്‍പ്പിച്ച പ്രത്യേക അപേക്ഷയിലാണ് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എസ്.എച്ച്. കപാഡിയ, ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണന്, സ്വതന്ത്രകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ബാലകൃഷ്ണന് സമാഹരിച്ച അനധികൃത സ്വത്ത് സംബന്ധിച്ച് ഒരു പത്രപ്രവര്ത്തകന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് നല്കിയ പരാതിയില്‍ സ്ഥിതിവിവര റിപ്പോര്‍ട്ട് നല്കാന് കഴിഞ്ഞ ഫെബ്രുവരി 18 ന് സുപ്രീംകോടതി അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതിയോട് ആവശ്യപ്പെട്ടിരുന്നു.
തന്റെ വിവേചനാധികാരം ദുരുപയോഗിച്ച് ചെന്നൈ നഗരത്തിലെ കണ്ണായ രണ്ട് പ്ലോട്ടുകള്‍ ബാലകൃഷ്ണന്റെ മുന്സഹായിയായ കണ്ണബീരാന്‍ അനുവദിച്ചതിനെതിരെയുള്ള പരാതിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. പ്രതിമാസം 10,000 രൂപ മാത്രം വരുമാനമുള്ള കണ്ണബീരാന്‍ 2008 ഫെബ്രുവരി 7 ന് നോലമ്പൂരില് ഭൂമിക്ക് അപേക്ഷിക്കുകയും അടുത്ത ദിവസം അനുവദിക്കുകയും ചെയ്തു. അണ്ണാനഗറിലെ രണ്ടാമത്തെ പ്ലോട്ട് 2008 ഏപ്രില്‍ 3 നും അനുവദിച്ചു.
നോലമ്പൂരിലെ പ്ലോട്ടിന് 47-49 ലക്ഷം രൂപ വിലമതിക്കുമെന്ന് തമിഴ്നാട് ഭവനനിര്‍മാണ ബോര്‍ഡിലെ സര്‍വേയറായ മനോഹരന് ഒളിക്യാമറക്ക് മുന്നില്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവം വിവാദമായത്. സുപ്രീംകോടതിയിലെ ക്ലാര്‍ക്കായ കണ്ണബീരാനാണ് മുഖ്യമന്ത്രി ഭൂമി അനുവദിച്ചതെന്നും മനോഹരന് പറഞ്ഞതായി പ്രത്യേക അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബാലകൃഷ്ണന്റെ അടുത്ത ബന്ധുക്കളുടെ പേരിലുള്ള അനധികൃത സ്വത്ത് സംബന്ധിച്ച ഒട്ടേറെ രേഖകള്‍ കേരള സര്‍ക്കാര്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെടണമെന്നും ഹര്ജിക്കാരന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബാലകൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും ആസ്തികളെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായ എം. ഫുര്കനാണ് സുപ്രീംകോടതിയെ സമീപിച്ചത്. സമാനപരാതി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, യുപിഎ അധ്യക്ഷ തുടങ്ങിയവര്‍ക്കും നല്‍കിയിരുന്നു. ‘ഉചിതമായ പരിഗണന’ക്കായി ഉപരാഷ്ട്രപതി ഇത് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. ബാലകൃഷ്ണന്റെ മകന് പ്രദീപ്, മരുമക്കളായ പി.വി. ശ്രീനിജന്, ബെന്നി, സോണി, റാണി എന്നിവര്‍ക്കെതിരെ കൃത്യമായ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. അഴിമതി ആരോപണത്തെത്തുടര്‍ന്ന് കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ പ്ലീഡര്‍ പദവി രാജിവെക്കേണ്ടിവന്ന ബാലകൃഷ്ണന്റെ ഇളയ സഹോദരന് കെ.ജി. ഭാസ്കരനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാന്‍സ്ഥാനത്തുനിന്ന് ബാലകൃഷ്ണനെ നീക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: