മധുര: മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടു. അഴിമതിക്കും കളളപ്പണത്തിനുമെതിരെ അദ്വാനി നടത്തുന്ന ജനചേതനയാത്രക്കിടെ അദ്ദേഹത്തെ വധിക്കാന്‍ നടത്തിയ നീക്കം തലനാരിഴക്ക് വിഫലമാവുകയായിരുന്നു.
ജനചേതനയാത്രയുടെ തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്കുള്ള പ്രയാണത്തിനിടെ മധുരക്കടുത്ത് ആലംപട്ടിയില് പാലം തകര്‍ത്ത് അദ്വാനിയെ അപായപ്പെടുത്താനുള്ള നീക്കമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒഴിവായത്. പാലത്തിനടിയില്‍ സ്ഥാപിച്ചിരുന്ന പൈപ്പ് ബോംബ് പോലീസെത്തി നിര്‍വീര്യമാക്കി. 25 മീറ്ററോളം വയറും ബോംബുമായി ഘടിപ്പിച്ചിരുന്നു. അദ്വാനിയും സംഘവും പാലം കടക്കുമ്പോള്‍ സ്ഫോടനം നടത്തുകയായിരുന്നു ലക്ഷ്യം. ആക്രമണപദ്ധതിക്ക് പിന്നില്‍ ആരെന്ന് വ്യക്തമല്ല. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരാളെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. ഭീകരാക്രമണ പദ്ധതിയും അധികൃതര്‍ തള്ളിക്കളഞ്ഞിട്ടില്ല. തുടര്‍ന്ന് പ്രദേശത്ത് ആശങ്കാജനകമായ സ്ഥിതിവിശേഷം ഉടലെടുക്കുകയും ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടുകയും ചെയ്തു.
അദ്വാനിക്കുനേരെ വധശ്രമം ഉണ്ടായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ ജനചേതനയാത്ര കടന്നുപോകുന്ന സ്ഥലങ്ങളെല്ലാം പോലീസിന്റെ കടുത്ത നിരീക്ഷണത്തിലാണ്.
സുപ്രീംകോടതി വധശിക്ഷക്ക് വിധിക്കുന്നവരുടെ കാര്യത്തില്‍ രാഷ്ട്രീയ ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്ന് അദ്വാനി നേരത്തെ വാര്‍ത്താലേഖകരോട് പറഞ്ഞു. രാജീവ് ഘാതകരുടെയോ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതികളുടെ കാര്യത്തിലോ കോടതികളെടുക്കുന്ന തീരുമാനങ്ങളില്‍ രാഷ്ട്രീയതാല്പര്യത്തോടെയുള്ള ഇടപെടല്‍ പാടില്ല. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ നടത്തുന്ന ജനചേതനയാത്ര നയിച്ച് ഇവിടെയെത്തിയതാണ് അദ്ദേഹം.
ജമ്മുകാശ്മീരില്‍ സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കവെ ഭീകരതയോടുള്ള സമീപനം നിഷേധാത്മകവും ചപലവുമായിരിക്കരുതെന്ന് അദ്വാനി ചൂണ്ടിക്കാട്ടി. കുംഭകോണങ്ങളില്‍ ഉള്‍പ്പെട്ട ചിലരെ കേന്ദ്രം തെരഞ്ഞെടുത്ത് സംരക്ഷിക്കുകയാണ്. അഴിമതിക്കെതിരെ ബിജെപിക്ക് ഉറച്ച നിലപാടാണുള്ളത്. അഴിമതിക്കും വിദേശങ്ങളില്‍ കെട്ടിക്കിടക്കുന്ന കള്ളപ്പണത്തിനുമെതിരെയാണ് തന്റെ യാത്ര. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന ആരോപണം മുതിര്‍ന്ന ബിജെപി നേതാവ് നിഷേധിച്ചു.
സമുദ്രത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ആണവനിലയങ്ങളുടെ സുരക്ഷ അവലോകനം ചെയ്യണം. ജനങ്ങളുടെ സുരക്ഷക്ക് മുന്‍ഗണന നല്‍കണമെന്ന് തിരുനല്‍വേലി ജില്ലയിലെ കൂടംകുളം ആണവനിലയത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം പരാമര്‍ശിച്ച് അദ്വാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: